തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമായ സായ് പല്ലവി. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇതിനിടെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.
സാധാരണയായി ഗോസിപ്പുകളോടൊന്നും അധികം പ്രതികരിക്കാത്ത നടിയാണ് സായി പല്ലവി. ഇന്റസ്ട്രിയില്‍ വന്ന കാലം മുതല്‍ പല തരത്തിലുള്ള ഗോസിപ്പുകളും സായി പല്ലവി നേരിടുന്നുണ്ട്. എന്നാല്‍ ഒന്നിനോടും സായി പല്ലവി അത്ര ഗൗരവമായി പ്രതികരിച്ചില്ല. എന്നാല്‍ ഇപ്പോള്‍ സീതയുടെ വേഷെ അഭിനയിക്കാനായി താരം വെജിറ്റേറിയന്‍ ആയി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നോണ്‍ വെജ് ആഹാരം കഴിക്കുന്നത് നിര്‍ത്തിയെന്നും വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക ഷെഫിനെ കൊണ്ട് പോകുന്നു എന്ന വാര്‍ത്തയോടാണ് താരം പ്രതികരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഇതാദ്യമായി സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളതെന്നും എന്നാല്‍ ഇനി ഇത്തരം തെറ്റിയ പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും സായ് പല്ലവി കുറിച്ചിരിക്കുകയാണ്. സിനിമ വികടന്‍ നല്‍കിയ വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചാണ് സായ് പല്ലവി ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്.
''മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ കിംവദന്തികള്‍ / കെട്ടിച്ചമച്ച നുണകള്‍ / തെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്‌ബോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ് തിരഞ്ഞെടുക്കാറുള്ളത്. അതും ദൈവത്തിന് അറിയാം. എന്നാല്‍ ഇത് സ്ഥിരമായി സംഭവിക്കുന്നതിനാല്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല; പ്രത്യേകിച്ച് എന്റെ സിനിമകളുടെ റിലീസുകള്‍/ പ്രഖ്യാപനങ്ങള്‍/ എന്റെ കരിയറിലെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഒക്കെയുള്ള സമയത്താണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ നടക്കുന്നത്. ഇനി ഏതെങ്കിലും 'പ്രശസ്ത' പേജോ മാധ്യമമോ/ വ്യക്തിയോ, വാര്‍ത്തയുടെയോ ഗോസിപ്പിന്റെയോ പേരില്‍ ഇത്തരം കഥയുമായി വരുന്നത് എന്റെ കണ്ണില്‍പ്പെട്ടാല്‍ നിയമപരമായി അതിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്...'' എന്നാണ് സായ് പല്ലവി ഔദ്യോഗിക എക്‌സ് പേജിലൂടെ കുറിച്ചത്.
ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'രാമായണം'. 700 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സായ് പല്ലവി സീതയെയും അവതരിപ്പിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് ശ്രീരാമനായി എത്തുന്നത്. സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
സണ്ണി ഡിയോള്‍ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും കൈകേയിയായും ശൂര്‍പ്പണഖയായും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും. മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം 2025-ല്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.