ഡബ്ലുസിസി ആരംഭിച്ച സമയങ്ങളില്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പവും ഡബ്ല്യുസിസിക്കൊപ്പവും നിന്ന മഞ്ജു വാര്യറെ പിന്നീട് കുറേ നാള്‍ അവള്‍ക്കൊക്കം കാണാത്തത് ചര്‍ച്ചയായിരുന്നു. ഈയിടെ ഡബ്ല്യുസിസി നടത്തിയ പത്ര സമ്മേളനത്തിലും മഞ്ജുവാര്യരുടെ അസാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടിരുന്നു. മഞ്ജു നിലപാടു അറയിച്ചിട്ടില്ലെന്നും. ഇപ്പോള്‍ ഡബ്ല്യുസിസിക്ക് ഒപ്പം പ്രവര്‍ത്തിക്കുന്നില്ല എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഡബ്ല്യുസിസി നേരിടേണ്ടി വന്ന ഏറ്റവുമധികം ചോദ്യങ്ങളില്‍ ഒന്നാണ് മഞ്ജുവിനെക്കുറിച്ചുളളവ. എന്നാല്‍ മഞ്ജു ഇപ്പോഴും അവള്‍ക്കൊപ്പം ഉണ്ടെന്നു വ്യക്തമാക്കിയിരിക്കയാണ് റിമ കല്ലിങ്കല്‍.
അവളോടൊപ്പം എന്ന നിലപാടില്‍ മഞ്ജു വാരിയര്‍ ഇപ്പോഴുമുണ്ടെന്നും എന്നാല്‍ ചിലകാര്യങ്ങളില്‍ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നും റിമ പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
റിമയുടെ വാക്കുകള്‍
'ഈയിടെ മഞ്ജു വാരിയര്‍ ഒരു ഇന്റര്‍വ്യു കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിനു മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു.'
'അതായത്, അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാട് എടുക്കാമായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. ഈ കേസ് ജയിക്കണം എന്നുള്ളത് ഇവിടത്തെ ഓരോ മനുഷ്യനും ആവശ്യമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇനി ഇങ്ങനെയൊരു ആക്രമണവും ഉണ്ടാകരുത് എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോയ എല്ലാവര്‍ക്കും വേണ്ടിയാണ് നമ്മള്‍ സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇതൊരു ഹാഷ്ടാഗ് ആകുന്നത്. ഒരു സോഷ്യല്‍മൂവ്‌മെന്റ് ആകുന്നത്. അതുകൊണ്ടാണ് എനിക്ക് വ്യക്തിപരമായി ഫോണില്‍ വിളിച്ച് ഞാന്‍ നിന്റെ ഒപ്പമുണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോരെന്ന് തോന്നുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമാണ്.'
അവളോടൊപ്പം എന്ന നിലപാടില്‍ മഞ്ജു വാരിയര്‍ ഇപ്പോഴുമുണ്ടെന്നും റിമ പറയുന്നു. 'പക്ഷേ സംഘടന ഒരുപാട് കാര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. സിനിമാമേഖലയിലെ സ്ത്രീവിരുദ്ധതയാണ് ചോദ്യം ചെയ്യുന്നത്. അപ്പോള്‍ വലിയൊരു പവര്‍ സ്ട്രക്ചറിനെയാണ് എതിര്‍ക്കേണ്ടി വരുന്നത്. പലര്‍ക്കുമെതിരെ നില്‍ക്കേണ്ടി വരും. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യമില്ലായിരിക്കും.'റിമ വ്യക്തമാക്കി. ആദ്യ സമയങ്ങളില്‍ ഡബ്ല്യുസിസിക്കു ഒപ്പം നിന്ന മഞ്ജുവിനെ പിന്നീട് കാണാന്‍ ഇല്ലാതിരുന്നത് ചര്‍ച്ച ചെയ്തവര്‍ക്ക് മറുപടിയാണ് ഇത്.