ആത്മാർത്ഥ സുഹൃത്തായ രാജസേനന് നടൻ ജയറാം എന്തുകൊണ്ട് ഡേറ്റ് നൽകുന്നില്ല എന്ന ചോദ്യം സിനിമാലോകത്ത് ഏറെക്കാലമായി ഉയർന്നുകേൾക്കുന്നതാണ്. സിനിമാ ആരാധകരും ഇത് പലപ്പോഴും ഉന്നയിച്ചിട്ടുള്ളതാണ്. പലപ്പോഴും ഇവർ തമ്മിലുള്ള അകൽച്ചയെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുകയും ചെയ്തു. ഇപ്പോളിതാ മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടിനെ പറ്റി രാജസേനൻ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്.
കേരളകൗമുദി ടിവിക്ക് സംവിധായകൻ നല്കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.എവിടെയൊക്കെയോ ഞങ്ങൾ തമ്മിൽ മാനസികമായി ചില പ്രശ്‌നങ്ങൾ ഉണ്ടായി. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണിൽ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറും. ഇപ്പോൾ അങ്ങനെയല്ല, മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി.
എന്റെ കൈയിലേക്ക് ഒരു സ്റ്റാറിനെ കിട്ടിയാൽ അയാൾ എങ്ങനെ ആകുമെന്നത് ജയറാമിനെ കണ്ടാൽ മാത്രം മനസിലാകും. ജയറാമിന്റെ ഏറ്റവും മോശം അവസ്ഥയിൽ, ജയറാമിനെ വച്ച് കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ പുള്ളിയെ കണ്ടാൽ കൂവും, പുള്ളിക്ക് സിനിമകളില്ല, സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാൻ ഇത്രയും വർഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്ഠിച്ചത്'.
ജയറാം-രാജസേനൻ കൂട്ടുകെട്ട് ഒന്നിച്ച മേലേപ്പറമ്പിൽ ആൺവീട്, സിഐ.ഡി ഉണ്ണികൃഷ്ണൻ, കടിഞ്ഞൂൽ കല്യാണം, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചവയാണ്.