സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ റിലീസിന് ഒരുങ്ങുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ പുതുമയുള്ളതാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സര്‍ഫിങ്ങ് പോലും പ്രണവ് ഈ ചിത്രത്തിനായി പഠിച്ചു. അതേസമയം പ്രണവിന്റെ ജീവന്‍ വരെ നഷ്ടമായേക്കാവുന്ന സംഭവം സെറ്റില്‍ നടന്നത് തുറന്നുപറഞ്ഞിരിക്കയാണ് സംവിധായകന്‍ ഇപ്പോള്‍.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൂട്ടിങ്ങ് വേളയില്‍ നടന്ന അപകടത്തെകുറിച്ചും പ്രണവ് രക്ഷപ്പെട്ടതിനെകുറിച്ചും അരുണ്‍ ഗോപി വെളിപ്പെടുത്തിയത്. ഇതിനൊടകം തന്നെ പെര്‍ഫെക്ഷന് വേണ്ടി താരപുത്രന്‍ ഏതറ്റം വരെയും താന്‍ പോകുമെന്ന് തെളിയിച്ചുകഴിഞ്ഞിരിക്കയാണ്. കടലില്‍ ഷൂട്ട് ചെയ്യുന്ന അവസരത്തില്‍ ഇത്തരത്തില്‍ പെര്‍ഫെക്ഷന് വേണ്ടി താരം ചെയ്ത സാഹസികത ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേനെ എന്നാണ് സംവിധായകന്‍ പറയുന്നത്. കടലില്‍ ഷൂട്ട് ചെയ്യുന്ന വേളയിലാണ് സംഭവം നടന്നത്
ജെറ്റ് സ്‌കി വേഗത്തില്‍ ഓടിച്ചുവന്ന് അതില്‍നിന്ന് കടലിലേക്ക് പ്രണവ് എടുത്തു ചാടേണ്ട സീന്‍ ആണ് ചിത്രീകരിക്കേണ്ടത്. പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങള്‍ വളരെ സൂക്ഷ്മതയോടെ ബോട്ടില്‍ ക്യാമറ സെറ്റ് ചെയ്തു വച്ചു. താന്‍ പ്രണവിനോട് പറഞ്ഞത് ജെറ്റ് സ്‌കി ഓടിച്ചുവന്ന് പതുക്കെ കടലിലേക്ക് ചാടണം എന്നാണ്. എന്നാല്‍ പ്രണവ് തങ്ങളെ ഞെട്ടിച്ചു കളഞ്ഞെന്ന് അരുണ്‍ പറയുന്നു. ജെറ്റ് സ്‌കി വേഗത്തില്‍ ഓടിച്ചു വന്ന് പ്രണവ് സമ്മര്‍ സാള്‍ട്ട് ചെയ്ത് കടലിലേക്കു ചാടി. എല്ലാവരും ഞെട്ടിപ്പോയി. ജെറ്റ് സ്‌കിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ കേബിള്‍ ഉണ്ട്. അത് ഉള്‍പ്പെടെയാണ് പ്രണവ് കടലിലേക്ക് ചാടിയിരിക്കുന്നത്. ആ കേബിള്‍ ആണെങ്കിലോ പൊട്ടിയുംപ്പോയി. അതൊടെ പ്രണവ് കടലിനടിയിലേക്ക് താണുപോയി. ഇത് കണ്ട് എല്ലാവരുടെയും ശ്വാസം നിലച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ അന്തംവിട്ടിരിക്കുമ്പോള്‍ പ്രണവ് ആകട്ടെ കടലില്‍ നിന്നും കൂളായി കയറിവന്നു. ആ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അരുണ്‍ ഗോപി പറയുന്നു.
ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അരുണ്‍ഗോപി തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. പേരുകൊണ്ടുതന്നെ ശ്രദ്ധേയമായ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ഗോവയിലേക്ക് താനും സുഹൃത്തും നടത്തിയ യാത്രയില്‍ ഉണ്ടായ ഒരു ചെറിയ സംഭവമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആധാരംമെന്നാണ് ആരുണ്‍ ഗോപി പറയുന്നത്. മോഹന്‍ലാലിന്റെ 20ാം നൂറ്റാണ്ടുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സംവിധായകന്‍ പറയുന്നു. വൈകാരികമായ ചില സാമ്യങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയുമായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവരുടെ മക്കള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ഇരുപതാംനൂറ്റാണ്ട് പോലെയൊരു ചിത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നും അരുണ്‍ പറയുന്നു.