Latest News

മലമുകളിലേ വീട്ടില്‍ വച്ചാണ് ഷൂട്ടിങ് നടന്നത്; ലൊക്കേഷനില്‍ എത്തിയിട്ടും മമ്മൂക്ക കാറില്‍ നിന്നും ഇറങ്ങിയില്ല; മമ്മൂക്കയുടെ സൗന്ദര്യം കുറയ്ക്കാന്‍ വേണ്ടി താടി വളര്‍ത്തിച്ചു; പേരന്‍പിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

Malayalilife
മലമുകളിലേ വീട്ടില്‍ വച്ചാണ് ഷൂട്ടിങ് നടന്നത്; ലൊക്കേഷനില്‍ എത്തിയിട്ടും മമ്മൂക്ക കാറില്‍ നിന്നും ഇറങ്ങിയില്ല; മമ്മൂക്കയുടെ സൗന്ദര്യം കുറയ്ക്കാന്‍ വേണ്ടി താടി വളര്‍ത്തിച്ചു; പേരന്‍പിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവച്ച് സംവിധായകന്‍

പേരന്‍പ് കണ്ടവരെല്ലാം അമുദനായുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടത്തെ പ്രശംസിക്കുകയാണ്. ലോക ചലച്ചിത്ര വേദികളില്‍ കയ്യടി നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ പ്രീമിയകര്‍ ഷോ കണ്ടവരെല്ലാം നടന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. തെന്നിന്ത്യ മുഴുവന്‍ കാത്തിരിക്കുന്ന റാം സംവിധാനം ചെയ്ത പേരന്‍പ് നാളെയാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളും മമ്മൂട്ടിയുമായുള്ള ആദ്യനുഭവങ്ങളും പങ്ക് വച്ച് സംവിധായകന്‍ റാം പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഒരു മലമുകളിലെ വീട്ടില്‍ വച്ചാണ് സിനിമ ചിത്രീകരിച്ചത്. ടൗണില്‍ നിന്ന് ഏകദേശം മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വേണം ലൊക്കേഷനില്‍ എത്താന്‍. കുണ്ടും കുഴിയുമുള്ള വളരെ മോശപ്പെട്ട റോഡാണ്. ആദ്യ ദിവസം മമ്മൂട്ടി ചെറുതായി ദേഷ്യപ്പെട്ടെന്ന് സംവിധായകന്‍ പറഞ്ഞു. മാത്രമല്ല പേരന്‍പില്‍ മമ്മൂട്ടിയെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ തന്നെ ഏറെ കുഴപ്പിച്ചത് മമ്മൂട്ടിയുടെ സൗന്ദ്യര്യമായിരുന്നെന്ന് സംവിധായകന്‍ പറയുന്നു.


മമ്മൂട്ടി സര്‍, ഒരു പ്രാദേശിക നടനല്ല. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മികച്ച നടനാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും താന്‍ വലിയ താരമാണെന്ന് അദ്ദേഹം കാണിച്ചില്ല. സാധാരണ ഒരു നടനെന്ന രീതിയിലാണ് പെരുമാറിയത്. കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ പ്രീമിയര്‍ ഷോ ഉണ്ടായിരുന്നു. അന്നാണ് ഞാന്‍ അത്രയും ആളുകളെ കണ്ടത്. അദ്ദേഹത്തിന് വേണ്ടി വന്നവരാണ്. അദ്ദേഹം താരമാണെന്ന് അറിയാം, പക്ഷേ ഇത്രയും വലിയ താരമാണെന്ന് കേരളത്തില്‍ പോയപ്പോള്‍ ബോധ്യപ്പെട്ടു.

പേരന്‍പിന്റെ കഥയ്ക്ക് പറ്റിയ ഒരു ലൊക്കേഷന്‍ കണ്ടുപിടിച്ചു. അവിടെ ഷൂട്ട് ചെയ്താലേ ശരിയാകൂ എന്ന നിലപാടിലായിരുന്നു ഞാന്‍. ലൊക്കേഷന്റെ ചിത്രം മമ്മൂട്ടി സാറിന് അയച്ചുകൊടുത്തു. ഇവിടേക്ക് എത്തേണ്ട സമയവും കാര്യങ്ങളും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ എങ്ങനെയുള്ള റോഡാണെന്ന് പറഞ്ഞില്ല. വളരെ മോശപ്പെട്ട റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടിയിരുന്നു.

അദ്ദേഹം ലൊക്കേഷനില്‍ എത്തിയിട്ടും കാറില്‍ നിന്നും ഇറങ്ങിയില്ല. നിങ്ങള്‍ക്ക് എത്രാമത്തെ ചിത്രമാണ് സര്‍ ഇത് എന്ന് മമ്മൂട്ടി ചോദിച്ചു. നാലാമത്തെ സിനിമയാണെന്ന് പറഞ്ഞു. എനിക്ക് ഇത് 350ന് മുകളിലത്തെ ചിത്രമാണ്. നിങ്ങള്‍ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടാം, പക്ഷേ ഞാന്‍ എന്തിനാണ് ഇത്രയും റിസ്‌ക് എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കാരവന്‍ പോലും ഒരു കിലോമീറ്റര്‍ അപ്പുറത്തായാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെ എന്തായാലും കാരവാന്‍ ഇങ്ങോട്ടേക്ക് കൊണ്ടുവരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കാരവാന്‍ വന്നിട്ട് ഷൂട്ട് തുടങ്ങാമെന്ന് ഞാന്‍ മമ്മൂട്ടി സാറോട് പറഞ്ഞു. പക്ഷേ ഇത്രയും ദൂരം വന്നിട്ട് അഭിനയിക്കാതെ എങ്ങനെയാ പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അന്ന് തന്നെ ചിത്രീകരണം തുടങ്ങി. പിന്നീട് അദ്ദേഹം ഓകെ ആയി.

ഞാനും എന്റെ അസിസ്റ്റന്റും സെറ്റില്‍ തന്നെയാണ് ഉറക്കം. ഞാന്‍ മാത്രം എങ്ങനെയാണ് ഹോട്ടലില്‍ പോയി കിടക്കുന്നത്. നിങ്ങളും ഹോട്ടലില്‍ വന്ന് കിടക്കണം എന്ന് അദ്ദേഹം പറഞ്ഞു. ശരീരവും മനസ്സും അര്‍പ്പിച്ചാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കണമെന്ന് അറിയില്ലായിരുന്നു. ആ പ്രശ്‌നം പരിഹരിക്കാന്‍ മമ്മൂട്ടിയുടെ അമുദന്‍ എന്ന കഥാപാത്രത്തിന് താടി നല്‍കിയതെന്നും റാം പറയുന്നു.ഈ സിനിമയിലാണെങ്കില്‍ മമ്മൂക്ക ഒരു ടാക്സി ഡ്രൈവര്‍ ആണ് ജീവിതത്തില്‍ ഏറെ കഷ്ടപാടുകളിലൂടെ കടന്ന് പോകുന്ന ആളാണ്. അതൊന്നും അദ്ദേഹത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കാര്യങ്ങളാണ്. മമ്മൂക്കയുടെ നിറത്തിലോ ഹൈറ്റിലോ രൂപത്തിലോ ഒന്നും അങ്ങനെയുള്ള ഒരു ലക്ഷണങ്ങളും ഇല്ല. മമ്മൂട്ടിയുടെ മുഖത്ത് തൊടുമ്പോള്‍ തന്നെ റോസാപ്പൂ നിറമായി മാറും. അപ്പോള്‍ എന്റെ മുന്നില്‍ ആകെ ഉണ്ടായിരുന്ന ഒരു മാര്‍ഗം താടി വളര്‍ത്തിക്കുക എന്നതായിരുന്നു. എന്റെ എല്ലാ പടത്തിലെയും നായകന്മാരോട് താടി വളര്‍ത്താന്‍ പറയുന്നത് അത് അവരുടെ അഭിനയത്തെ സഹായിക്കാനാണ്, എന്നാല്‍ ഈ സിനിമയില്‍ ഞാന്‍ മമ്മൂക്കയോട് താടി വളര്‍ത്താന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സൗന്ദര്യം കുറയ്ക്കാന്‍ വേണ്ടിയാണ്'. റാം പറഞ്ഞു.

അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ചിത്രം ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിലെത്തും.

Director Ram about Peranbu Movie Location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES