പേരിന്റെയും പ്രമേയത്തിന്റെയും പേരില്‍ വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രമാണ് കടുകാകുന്നേല്‍ കുറുവച്ചന്‍. പൃഥിരാജിന്റെ കടുവ എന്ന ചിത്രത്തിലെ കഥാപാത്രവും സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേരും കഥാപാത്രവും ഒരേ പോലെ ആയതോടെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. വിധി പൃഥ്വിരാജ് ചിത്രത്തിന് അനുകൂലമായതോടെ സുരേഷ് ഗോപി ചിത്രത്തിന്റെ പേര് ഒറ്റക്കൊമ്പനെന്നാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
അതേസമയംം ഒറ്റക്കൊമ്പനെന്ന പേരില്‍ മറ്റൊരു ചിത്രം മാസങ്ങള്‍ക്ക് മുമ്പേ പ്രഖാപിച്ചെന്ന വിവരമാണ് ഇപ്പോഴെത്തുന്നത്. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ഒറ്റക്കൊമ്പന്‍ എന്ന് പേരിട്ടിരിക്കുന്നത്. എന്നാല്‍ സുരേഷ് ഗോപിയുടെ ചിത്രവുമായി കൊമ്പുകോര്‍ക്കാന്‍ നില്‍ക്കാതെ പേരുമാറ്റുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സെപ്റ്റംബര്‍ 13 നാണ് ഒറ്റക്കൊമ്പന്‍ എന്ന ആദ്യ ചിത്രം മഹേഷ് പ്രഖ്യാപിക്കുന്നത്. സുരേഷ് ഗോപിയുടെ ചിത്രത്തിന് മുന്‍പ് പ്രഖ്യാപിച്ചതായിരുന്നിട്ടുകൂടി വിവാദത്തിന് നില്‍ക്കാനില്ലെന്നാണ് അണിയറക്കാര്‍ പറയുന്നത്. ഞങ്ങളുടെ സിനിമയുടെ ടൈറ്റില്‍ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശനങ്ങള്‍ ഉള്ളതിനാലും മറ്റു വിവാദങ്ങളിലേക്കു പോവാന്‍ താല്പര്യം ഇല്ലാത്തതിനാലും ഞങ്ങളുടെ സിനിമയുടെ പുതിയ ടൈറ്റില്‍ വിത്ത് ലീഡ് ക്യാരക്ടര്‍ പോസ്റ്റര്‍ ഉടന്‍ റീലീസ് ചെയ്യുന്നതായിരിക്കും. ഇടഞ്ഞു നില്‍ക്കുന്ന ആ ഒറ്റ കൊമ്പുള്ള ഏകഛത്രാധിപതി നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് മഹേഷ് കുറിച്ചു.
ഹ്രസ്വചിത്രങ്ങളിലൂടെയും വെബസീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷിമോഗ ക്രിയേഷന്‍സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില് ഷബീര് പത്തന്‍, നിധിന്‍ സെയനു മുണ്ടക്കല്‍, എന്നിവര് ചേര്‍ന്നാണ് നിര്‍മാണം.കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. നേരത്തെ പൃഥ്വിരാജിന്റെ കടുവയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് ചിത്രം കോടതിയില്‍ കയറിയിരുന്നു. എന്നാല്‍ ഇതേ തിരക്കഥയുമായി മുന്നോട്ടുപോവാനാണ് തീരുമാനം എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന മലയാളത്തിന്റെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.