മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഓരോ സിനിമ പ്രേക്ഷകരുടെയും സ്വകാര്യ അഹങ്കാരമാണ്. പല അഭിമുഖങ്ങളിലും ചാന്‍സ് ചോദിക്കുന്നതില്‍ ഇപ്പോഴും ഒരു ബുദ്ധിമുട്ടില്ലെന്ന് മമ്മൂട്ടി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സഹസംവിധായകനായ ശ്രീനിവാസന്‍ രാമചന്ദ്രന്‍ കുറിച്ച ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. നടനാകാനുള്ള തീവ്രമായ ആഗ്രഹവുമായി തുടക്ക കാലത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയ കാര്യമാണ് അദ്ദേഹം പറയുന്നത്.
ഐവി ശശിയുടെ അസോസിയേറ്റ് ആയിരുന്ന ഉമാകാന്തിന്റെ(സുഹൃത്ത് അഖിലേഷിന്റെ അച്ഛന്‍) വീട്ടിലേക്കാണ് ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് മമ്മൂട്ടി എത്തിയത്. മുറ്റമടിക്കാനായി വാതില്‍ തുറന്നപ്പോള്‍ മെലിഞ്ഞ് നീണ്ടൊരാളെയാണ് ഉമാകാന്തിന്റെ ഭാര്യ കണികണ്ടതെന്ന് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ...
കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി,)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ IV ശശിയുടെ അസോ ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..
വാശിയല്ല, പിടിവാശി...
എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങൾക്കിത്ര തിളക്കം..!
ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..
മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.