തന്റെ കരിയറിന്റെ തുടക്കകാലത്തെ പ്രതിസന്ധികളെയും സിനിമാ ജീവിതത്തിലുണ്ടായ മാറ്റങ്ങളെയും കുറിച്ച് മനസ് തുറന്ന് നടന്‍ ലുക്മാന്‍ അവറാന്‍. 'ഉണ്ട', 'ഓപ്പറേഷന്‍ ജാവ' തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാമേഖലയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
സിനിമയിലെ വളര്‍ച്ചയെക്കുറിച്ച് ലുക്മാന്‍ പറഞ്ഞത് ഇങ്ങനെയാണ്: ''ഉണ്ട' കഴിഞ്ഞ ഉടനെ എനിക്ക് 'ഓപ്പറേഷന്‍ ജാവ' വന്നു. 'നീ മമ്മൂക്കയുടെ കൂടെ അഭിനയിച്ചല്ലേ', 'നീ സിനിമാ നടനായല്ലേ' എന്നൊക്കെ നാട്ടില്‍ പറയാന്‍ തുടങ്ങി. അപ്പോള്‍ നമുക്കും തോന്നി തുടങ്ങി, നമ്മള്‍ സിനിമാ നടന്‍ ആയെന്ന്. ബാക്കിയൊക്കെ എന്താണെന്ന് പറഞ്ഞാല്‍ നമ്മള്‍ അവര്‍ വിളിക്കുമ്പോള്‍ പോകുന്നു, അവര്‍ തന്ന കാശ് വാങ്ങുന്നു, ചിലപ്പോള്‍ കാശ് തരാതെ പോകുന്നു. നമുക്കൊന്നും പറയാനും പറ്റില്ലല്ലോ. 'നിനക്ക് ഇനി അടുത്ത സിനിമ കിട്ടൂലേ' എന്നൊക്കെ പറയുന്നതായിരിക്കും ചിലപ്പോള്‍ നമ്മുടെ പ്രതിഫലം. അന്ന് അത്രമതി നമുക്ക്. കാരണം ചാന്‍സ് തന്നെയാണ് പ്രധാനം.
പിന്നെ 'ഉണ്ട' കഴിഞ്ഞപ്പോള്‍ വീണ്ടും ആത്മവിശ്വാസമുണ്ടായി. അപ്പോഴാണ് തരുണ്‍ മൂര്‍ത്തിയെ കാണുന്നത്.' സിനിമയില്‍ അവസരങ്ങള്‍ക്കായി അലഞ്ഞ ആ കാലഘട്ടത്തിലെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും താരം വാചാലനായി: 'ഇതിന്റെ ഇടയില്‍ എനിക്ക് പ്രതിസന്ധികളൊക്കെയുണ്ടായിട്ടുണ്ട്. വേറെ ജോലി നോക്കുകയൊക്കെ ചെയ്തിട്ടുണ്ട്. അതിന്റെ കൂടെ തന്നെ ഓഡിഷന് പോകുന്നുണ്ട്. പിന്നെ നമുക്ക് നമ്മളില്‍ തന്നെ കുറേ സംശയങ്ങള്‍ ഉണ്ടാകും. നമുക്ക് പറ്റുമോ ഇത്? നമുക്ക് പറ്റിയ ജോലിയാണോ ഇത്? നമ്മള്‍ ചെയ്യേണ്ടതാണോ ഇത്? എന്നൊക്കെ നമുക്ക് തോന്നും. ഇനി വേണ്ട നിര്‍ത്താം, നമ്മളെക്കൊണ്ട് ഇത്രയൊക്കെ പറ്റുകയുള്ളൂ എന്നൊക്കെ തോന്നും. പിന്നെ എന്തെങ്കിലും പോസിറ്റീവ് സിഗ്‌നല്‍ കിട്ടിയാല്‍ തോന്നും അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന്.
അങ്ങനെ തരുണിനെ ലുലു മാളില്‍ വച്ച് കാണുന്നു. 'ബ്രോയെ ഞാന്‍ കുറേ നാളായി കാണണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു' എന്ന് തരുണ്‍ പറഞ്ഞു. ഒരു കഥ പറയാനാണെന്നും ലുലുവില്‍ വച്ച് തന്നെ കാണാം എന്നും പറഞ്ഞു. അങ്ങനെ ഓക്കെ പറഞ്ഞ്, ഞങ്ങളവിടെ പിറ്റേദിവസം ഇരുന്ന് കഥ പറഞ്ഞു. കഥ നല്ലതായിരുന്നു, എനിക്കിഷ്ടപ്പെട്ടു, ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ ആ സിനിമ സംഭവിക്കുന്നു. നമ്മള്‍ പ്ലാന്‍ ചെയ്തത് അല്ല. പെട്ടെന്നാണ് ആ സിനിമ സംഭവിച്ചത്.'
ചലച്ചിത്രമേഖലയില്‍ തനിക്ക് ലഭിച്ച സ്വീകാര്യതയിലുണ്ടായ മാറ്റങ്ങളെ ഒരു ചെറിയ ഉദാഹരണത്തിലൂടെ ലുക്മാന്‍ രസകരമായി വിവരിച്ചു: ''ഓപ്പറേഷന്‍ ജാവ' കഴിഞ്ഞ് എന്നെ വിളിക്കുന്ന ആളുകളുടെ സംസാര രീതി തന്നെ മാറി. 'ലുക്മാനെ സ്‌ക്രിപ്റ്റ് തരട്ടെ' എന്നൊക്കെയായി. പിന്നെ ചെല്ലുമ്പോള്‍ കസേര. മറ്റേ പേപ്പര്‍ ഗ്ലാസ് മാറി കുപ്പി ഗ്ലാസ് ആയി. ഇപ്പോള്‍ കപ്പ് ആയി. അകത്ത് സ്റ്റീലുള്ള ചൂടാറാതെ അടച്ചു വയ്ക്കാന്‍ പറ്റുന്ന തരത്തിലുള്ള കപ്പ് ഒക്കെ ആയി ഇപ്പോള്‍. ആദ്യം പേപ്പര്‍ ഗ്ലാസ് ആയി, പിന്നെ സ്റ്റീല്‍ ആയി, പിന്നെ കുപ്പി ഗ്ലാസായി ഒടുവില്‍ കപ്പിലോട്ട് ആയി. ഇപ്പോള്‍ അടപ്പുള്ള കപ്പായി. അതാണ് ഇതിന്റെ സത്യാവസ്ഥ. മറ്റേത് നമ്മള്‍ ചെന്നിട്ട് ചായ പാത്രത്തില്‍ നിന്ന് സ്വന്തമായി ചായ എടുത്ത് കുടിക്കണം.
ആ അവസ്ഥയില്‍ നിന്ന് മാറി തുടങ്ങി.' സിനിമയിലെ തന്റെ മേല്‍വിലാസം ഉറപ്പിച്ച ചിത്രങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ''തല്ലുമാല' വന്നപ്പോഴാണ് എന്റേതായ ഒരിടം എനിക്ക് കിട്ടിയത്. അതിന് ശേഷം 'സുലേഖ മന്‍സില്‍' വന്നു. ഇന്ന് ഈ സമയം വരെ വലിയ കുഴപ്പമില്ലാതെ നില്‍ക്കുന്നുണ്ട്', ലുക്മാന്‍ പറഞ്ഞു നിര്‍ത്തി.