ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്? ലോക വിശപ്പുദിനം പ്രമാണിച്ച് തമിഴ്നാട്ടിലുടനീളം അശരണര്‍ക്ക് സൗജന്യഭക്ഷണം നല്‍കാനൊരുങ്ങുകയാണ് വിജയ് മക്കള്‍ ഇയക്കം. 28-നാണ് സംസ്ഥാനത്തുടനീളം ഭക്ഷണവിതരണം നടത്തുകയെന്ന് നടന്‍ വിജയിന്റെ ആരാധകരുടെ സംഘടന പ്രഖ്യാപിച്ചു. വിജയിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഇത്.
വിജയിനെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചനയായി വിലയിരുത്തുന്നു. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ദരിദ്രര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും ഞായറാഴ്ച രാവിലെ 11 മുതലാണ് ഭക്ഷണം വിളമ്പുകയെന്ന് വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്ലി എന്‍. ആനന്ദ് പറഞ്ഞു. കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യഭക്ഷണം വിതരണമുണ്ടാകും.
ഒരുവര്‍ഷത്തിനകം വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്നാണ് സൂചന. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ഇത്. ആരാധകസംഘടന ശക്തിപ്പെടുത്താനാണത്രേ തീരുമാനം. 2026-ഓടെ വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യം. ലോക്സഭയിലേക്ക് അടുത്ത വര്‍ഷം മത്സരിക്കുകയുമില്ല. ആംആദ്മി മോഡലില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ലക്ഷ്യം.
2011-ല്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരായ അണ്ണ ഹസാരെയുടെ നിരാഹാരത്തില്‍ വിജയ് പങ്കെടുത്തു. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉണര്‍ത്താനുള്ള ധീരമായ നീക്കമാണെന്നു വിശേഷിപ്പിച്ചു. 2021-ല്‍ പുതുതായി രൂപവത്കരിച്ച ജില്ലകളില്‍ വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ച് 120-ലധികം സീറ്റുകള്‍ സ്വന്തമാക്കി. പിന്നീട് നഗര തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിച്ചു.
കേന്ദ്ര സര്‍ക്കാരിനെ സിനിമകളിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്നാട് സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിജയ് പലതവണ രംഗത്തെത്തിയിരുന്നു. വിജയ് ചിത്രങ്ങളില്‍ ബിജെപിക്കെതിരെയും തമിഴ്നാട്ടിലെ പഴയ അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിജയ് ചിത്രമായ മെര്‍സലില്‍ മോദി സര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ട് എന്ന പേരില്‍ ബിജെപിയും സംഘപരിവാറും അപ്പോള്‍ തന്നെ രംഗത്തിറങ്ങിയിരുന്നു.പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയില്‍ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേര്‍ക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്.
തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സൂപ്പര്‍താരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.