തെന്നിന്ത്യന്‍ സിനിമാലോകത്തെ താരറാണിയാണ് തൃഷ. ഇരുപതു വര്‍ഷത്തിലേ റെയായി സിനിമാമേഖലയില്‍ സജീവമായ നടിയുടെ വിവാഹത്തെ സംബന്ധിച്ച് നിരന്തരം ഗോസിപ്പുകള്‍ വരുന്നത് പതിവാണ്. തൃഷയുടെ വിവാഹം നടന്നു എന്നുള്ള ചില വാര്‍ത്തകള്‍ ഈയിടെ പുറത്തു വന്നിരുന്നു.
ചില കല്യാണ ഫോട്ടോകളോടൊപ്പമാണ് തൃഷയുടെ കല്യാണം കഴിഞ്ഞു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഫോട്ടോകള്‍ നിമിഷനേരംകൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്, സെലിബ്രിറ്റികള്‍ ആരും പങ്കെടുത്തിട്ടില്ല, വിവാഹം വളരെ ഗ്രാന്റായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ പ്രചരിച്ചത്.
ഇതോടെ തൃഷയുടെ വിവാഹം കഴിഞ്ഞു എന്നുതന്നെ പലരും ഉറപ്പിച്ചു. എന്നാല്‍ സത്യമതല്ല, ജി.ആര്‍.ടി ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എടുത്ത ഫോട്ടോസും പരസ്യത്തിലെ ചില സ്‌ക്രീന്‍ ഷോട്ട് ചിത്രങ്ങളുമാണ് വിവാഹത്തിന്റേത് എന്ന പേരില്‍ പ്രചരിച്ചത്.
ആരാധകരെ സംബന്ധിച്ച് വേദനിപ്പിക്കുന്ന ഒരു കാര്യമാണ് തൃഷയുടെ വിവാഹം. നേരത്തെ തൃഷയും ബിസിനസുകാരന്‍ വരുണ്‍ മണിയനും തമ്മിലുള്ള വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു എങ്കിലും പിന്നീട് മുടങ്ങി പോവുകയായിരുന്നു. വിവാഹത്തെപ്പറ്റി ചോദിച്ചപ്പോള്‍ അടുത്തെങ്ങും അങ്ങനെ ഒരു പ്ലാനില്ല എന്നാണ് അടുത്തിടെ ഒരു പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തൃഷ പറഞ്ഞത്.