തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് തൃഷ. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. ചിത്രം തിയേറ്ററുകളില്‍ റെക്കോര്‍ഡ് ഭേദിച്ചാണ് മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് ശേഷം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ തൃഷ തന്റെ പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പൊന്നിയിന്‍ സെല്‍വനായി തൃഷ ഒന്നര കൂടിയായിരുന്നു പ്രതിഫലം കൈപ്പറ്റിയത്. സിനിമയ്ക്ക് പിന്നാലെ തൃഷയുടെ പ്രതിഫലം മൂന്ന് കോടിയാക്കിയിരിക്കുകയാണ്. ചോള രാജകുമാരിയായ കുന്ദവൈ എന്ന കഥാപാത്രമായാണ് പൊന്നിയിന്‍ സെല്‍വനില്‍ തൃഷയെത്തിയത്. നവാഗതനായ അരുണ്‍ വസീഗരന്‍ സംവിധാനം ചെയ്യുന്ന 'ദി റോഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് തൃഷ ഇപ്പോള്‍.
ദീപാവലി ദിനത്തില്‍ നടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. തോക്കുമായി ഉഗ്രന്‍ ലുക്കിലാണ് നടി പോസ്റ്ററിലുള്ളത്. 'തൂങ്കാവന'ത്തിന് ശേഷം തൃഷയുടെ ആക്ഷന്‍ കഥാപാത്രമാണ് സിനിമയിലേത്. ചിത്രത്തിന്റെ ടീസര്‍ ഉടന്‍ റിലീസ് ചെയ്യും.
ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന റാം എന്ന ചിത്രത്തിലും തൃഷയാണ് നായികയായെത്തുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും തിരക്കഥയ്ക്ക് അന്തിമരൂപം നല്‍കുന്നതിന് മുമ്പ് ഏകദേശം മൂന്ന് വര്‍ഷത്തോളം താന്‍ സിനിമയെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്നും സംവിധായകന്‍ അരുണ്‍ മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മധുരൈ ഹൈവേയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും നടി തൃഷ സിനിമയ്ക്കായി ഏറെ പ്രയത്നിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മോഡലിംഗ് രംഗത്തു നിന്നാണ് തൃഷ സിനിമയിലേക്ക് വരുന്നത്. 1999 ല്‍ മിസ് സേലം, മിസ് ചെന്നൈ, 2001 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ എന്നീ ടൈറ്റിലുകളും തൃഷ സ്വന്തമാക്കിയിരുന്നു. ഫാല്‍ഗുണി പതകിന്റെ മേരി ചുനര്‍ ഉഡ് ഉഡ് ജായേ എന്ന സംഗീത ആല്‍ബത്തിലൂടെയാണ് തൃഷ അഭിനയരംഗത്തേക്ക് വരുന്നത്. 2002 ല്‍ സൂര്യയുടെ നായികയായി മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിലെത്തുന്നത്