തമിഴ് സിനിമാ ലോകത്തും മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് സൂര്യ.അഭിനേതാവ് എന്നതിലുപരി മനുഷ്യ സ്‌നേഹി കൂടിയായ നടന്റെ താരജാഡകളില്ലാത്ത പെരുമാറ്റം ഇതിന് മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.സിനിമയുടെ തിരക്കുകള്‍ക്കിടയിലും സൂര്യ മുന്‍ഗണന നല്‍കുന്നത് അച്ഛന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സൂര്യക്കൊപ്പം സഹോദരന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും ഈ ഫൗണ്ടേഷനില്‍ അംഗമാണ്.
ഇപ്പോള്‍ അഗരം ഫൗണ്ടറിന്റെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്ന സൂര്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സജീവം. മുഖ്യമന്ത്രി വരെ പങ്കെടുത്ത ചടങ്ങിലാണ് സൂര്യ പൊട്ടിക്കരഞ്ഞത്.
വേദിയില്‍ നിന്ന് സംസാരിക്കുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ടാണ് സങ്കടം സഹിക്കാനാവാതെ സൂര്യ പൊട്ടിക്കരഞ്ഞത്. അഗരം ഫൗണ്ടേഷന്റെ സഹായത്തില്‍ പഠിച്ച് അധ്യാപിക ആയ ഗായത്രി എന്ന പെണ്‍കുട്ടിയാണ് തന്റെ ജീവിതം തുറന്നു പറഞ്ഞത്. ഗായത്രിയുടെ അച്ഛന് അര്‍ബുദമാണെന്ന് അറിഞ്ഞതോടെ പഠിപ്പ് തന്നെ അവസാനിപ്പിക്കേണ്ടി വരുമോ എന്നായിരുന്നു പെണ്‍കുട്ടിയുടെ ആശങ്ക. എന്നാല്‍ അഗരം ഫൗണ്ടേഷന്റെ സഹായത്തോടെ ഗായത്രി പഠിപ്പ് തുടര്‍ന്നു. ഇപ്പോള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടി
ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ;
'തഞ്ചാവൂരിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണര്‍ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. സഹോദരന്‍ ഒന്‍പതാം ക്ലാസിലും. അതിനിടയിലാണ് അപ്പയ്ക്ക് അര്‍ബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയില്‍ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാന്‍ പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കില്‍ പോലും. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാന്‍ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാന്‍ കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ മരണ വാര്‍ത്തയാണ്.'
താന്‍ പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയണ് ഭയമില്ലാതെ സംസാരിക്കാനും തല ഉയര്‍ത്തി നില്‍ക്കാനും എനിക്ക് സാധിക്കുന്നത് അഗരം കൊണ്ടാണ്. തന്റെ അമ്മ ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നുണ്ട്, ഇതിനാല്‍ ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ അമ്മ ഇവിടെ എത്തിയിട്ടില്ല. താന്‍ പറയുന്നത് അമ്മ ഇപ്പോള്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ട്. ഇടറിയ ശബ്ദത്തില്‍ ഗായത്രി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെയാണ് സൂര്യ കസേരയില്‍ നിന്നും എഴുന്നേറ്റ് ഗായത്രിയെ ചേര്‍ത്ത് പിടിച്ച് കരഞ്ഞത്.ഗായത്രിയെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിച്ച സൂര്യ ഈ പെണ്‍കുട്ടി എല്ലാവര്‍ക്കും പ്രചോദനമാണെന്നും ചടങ്ങില്‍ പറഞ്ഞു.