സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി നാലുമാസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞതിന്റെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി സന്ദീപ വിര്‍ക്. ജയിലിലെ സാഹചര്യം അങ്ങേയറ്റം മോശമായിരുന്നുവെന്നും മരിച്ചുപോയിരുന്നെങ്കില്‍ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ച നിമിഷങ്ങളുണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. സിമ്രാന്‍ ജോട്ടുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ വികാരനിര്‍ഭരമായ പ്രതികരണം.
ജയിലിലെ താമസം ശാരീരികമായും മാനസികമായും തളര്‍ത്തിയെന്ന് സന്ദീപ പറയുന്നു. 'വെറും നിലത്താണ് കിടന്നിരുന്നത്. വൃത്തിഹീനമായ ബാത്ത്റൂമുകളും അസഹനീയമായ ഭക്ഷണവും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ചില പൊലീസുകാര്‍ തടവുകാരോട് ദേഷ്യം തീര്‍ക്കുന്നവരാണ്. 500 പേര്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ആരോഗ്യം വഷളായി മറ്റൊരാളുടെ സഹായമില്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടായി. ഇന്നും അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ കരച്ചില്‍ വരും,' സന്ദീപ ഓര്‍ത്തെടുത്തു.
ജയിലിലായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ കാണാന്‍ വന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയെന്ന് താരം പറയുന്നു. താന്‍ കാരണം അവര്‍ക്ക് അവിടേക്ക് വരേണ്ടി വന്നതില്‍ വലിയ കുറ്റബോധം തോന്നി. അവരോട് അന്ന് മാപ്പ് ചോദിച്ചതായും സന്ദീപ പറഞ്ഞു.
ആറു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത സന്ദീപയ്ക്ക് അടുത്തിടെയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മോഹന്‍ലാല്‍ ചിത്രം 'ശിക്കാര്‍', അജിത്തിന്റെ 'മങ്കാത്ത' തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും തമിഴ് പ്രേക്ഷകര്‍ക്കും സുപരിചിതയാണ് സന്ദീപ വിര്‍ക്.