ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് റാണി മുഖർജി. ഒരു ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽമാലയ എന്ന ചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്. പൃഥ്വിയും റാണിയും ഒരുമിച്ച് അഭിനയിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇവർ ഒരു സിനിമ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ എന്ന മലയാള ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ സന്ദേശമാണ് വൈറലായി മാറിയിരിക്കുന്നത്. പൃഥ്വിരാജ് വഴിയായിരുന്നു സന്ദേശമെത്തിയത്.
'പൃഥ്വി, ഇത് ഞാനാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ഒരു സിനിമയുണ്ട്. ഞാനത് കണ്ടു. അത് ഗംഭീരമാണെന്ന് തോന്നി. ഞാന്‍ ആ സിനിമ ഏറെ ഇഷ്ടപ്പെട്ടുവെന്നും സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നാണ് അതെന്നും ദയവായി അതിന്റെ സംവിധായകനോട് പറയുമോ.. നിങ്ങളുടെ പേര് അതില്‍ കണ്ടു. അതിനാല്‍ ഈ മെസേജ് പൃഥ്വി വഴി അയക്കാമെന്ന് കരുതി. വളരെ നല്ല ചിത്രമാണ് അത്' എന്നായിരുന്നു റാണിയുടെ സന്ദേശം. ഈ സന്ദേശം അങ്ങനെ തന്നെ കോപ്പി ചെയ്ത് അയക്കുകയായിരുന്നു പൃഥ്വിരാജ്. അതേസമയം താന്‍ സിനിമ കണ്ടിട്ടില്ലെന്നും പക്ഷെ വിജയത്തില്‍ അഭിനന്ദിക്കുന്നുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വീട്ടകങ്ങളിലെ സ്ത്രീ ജീവിതങ്ങളെ കുറിച്ചും പുരുഷമേധാവിത്വത്തെ കുറിച്ചുമെല്ലാം സംസാരിച്ച ചിത്രം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.