സൂര്യ ഫെസ്റ്റിവലില്‍ നിറഞ്ഞാടി നടി മഞ്ജു വാര്യര്‍. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്.കൃഷ്ണ-രാധാ പ്രണയത്തിന്റെ അനശ്വരത അരങ്ങിലെത്തിച്ച മഞ്ജുവിന്റെയും സംഘത്തിന്റെയും സംസ്‌കൃത കുച്ചിപ്പുഡി നൃത്ത നാടകമായ 'രാധേശ്യാം' കാണികളെ ആനന്ദ വിസ്മയത്തിലാക്കി.
വൃന്ദാവനത്തില്‍ കൃഷ്ണന്റെ ഓടക്കുഴല്‍ നാദം കേള്‍ക്കുമ്പോള്‍ എല്ലാം മറന്നു നൃത്തം ചെയ്യുന്ന രാധയുടെ പ്രണയവും കടന്നുള്ള ഭക്തി ഭാവമാണ് ഒന്നര മണിക്കൂര്‍ നൃത്ത നാടകത്തിലൂടെ അവതരിപ്പിച്ചത്.അനശ്വരമായ രാധാ- കൃഷ്ണ പ്രണയത്തെപ്പറ്റി എഴുതിയിട്ടുള്ള ജയദേവ കവി, നാരായണ തീര്‍ഥര്‍, വെങ്കിട സുബ്ബയ്യര്‍ തുടങ്ങിയവരുടെ കാവ്യ ശകലങ്ങളെ ആസ്പദമാക്കിയാണ് 14 നര്‍ത്തകിമാര്‍ പങ്കെടുത്ത നൃത്തനാടകം ചിട്ടപ്പെടുത്തിയതെന്ന് നര്‍ത്തകിയും സംവിധായികയുമായ ഗീത പത്മകുമാര്‍ പറഞ്ഞു.
നേരത്തെ നാലിടങ്ങളില്‍ രാധേശ്യാം അരങ്ങേറിയിരുന്നുവെങ്കിലും മഞ്ജു വാരിയര്‍ ആദ്യമായാണ് കൃഷ്ണ വേഷത്തില്‍ വേദിയിലെത്തിയത്. കൃഷ്ണനൊപ്പം പ്രധാന്യമുള്ള വേഷത്തിലാണ് രാധയും സഖികളും എത്തിയത്.
രാധേ ശ്യാം എന്ന നൃത്ത പരിപാടിയുടെ ചിത്രങ്ങള്‍ മഞ്ജു തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡുകളില്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ നൃത്ത പരിപാടിയുടെ വീഡിയോയ്ക്ക് യുട്യൂബില്‍ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുച്ചിപ്പിടിയില്‍ മഞ്ജുവിന്റെ ഗുരുനാഥയാണ് ഗീത പദ്മകുമാര്‍