പിങ്കി വിശാല്‍ അഭിമുഖം രണ്ടാം ഭാഗം..
ബ്രൈഡല്‍ മേയ്ക്കപ്പ് എങ്ങനെയാണ്?
പിങ്കി : ബ്രൈഡല്‍ മേയ്ക്കപ്പിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആയതിന് ശേഷമാണ് എന്നെ ഒരുപാട് പേര് വിളിച്ച് തുടങ്ങിയത്. എനിക്ക് വേണ്ടി എന്റെ ഡേറ്റിന് അനുസരിച്ച് കല്ല്യാണം വരെ വെച്ചിട്ടുണ്ട്. എന്റെ ഡേറ്റ് നോക്കിയാണ് കല്ല്യാണം നിശ്ചയിച്ചത്. അങ്ങനെ ഒരുപാട് ബ്രൈഡല്‍ എന്‍ക്വയറീസും ബ്രൈഡല്‍ മേയ്ക്കപ്പുമായിട്ട് പോവുന്നുണ്ട്. അത് സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന രീതിയിലും അതുമായി ബന്ധപ്പെട്ട നമ്മുടെ വര്‍ക്കും നല്ലതാണെന്ന് അവര്‍ക്ക് തോന്നുന്നത് കൊണ്ടാണ് അവര്‍ നമ്മളെ വിളിക്കുന്നത്.
സിനിമയിലേക്ക് എത്തിയത്?
എന്റെ ഫസ്റ്റ് സിനിമയെന്ന് പറയുന്നത്, പട്ടണം റഷീദ് സാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഗുരു അവിനാഷിനെ പരിചയപ്പെടുന്നതും ആ വഴി സിനിമയില്‍ എത്തുകയും ചെയ്യുന്നത്. എന്റെ ഫസ്റ്റ് മൂവി ഹൗ ഓള്‍ഡ് ആര്‍ യൂവാണ്. അതില്‍ മഞ്ജു ചേച്ചിയുടെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു അവിനാഷ്. അപ്പോള്‍ അവിനാഷിനെ അസിസ്റ്റ് ചെയ്യാന്‍ പോയതാണ് ഫസ്റ്റ് മൂവി. സെക്കന്‍ഡ് മൂവി ഷി ടാക്സിയാണ്. അത് അബാം മൂവീസിന്റെ ഷീല എബ്രഹാമിനാണ് ഞാന്‍ പേഴ്സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി പോയത്. ഞാന്‍ ആദ്യമായി ഒരു പേഴ്സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി വര്‍ക്ക് ചെയ്ത ആര്‍ട്ടിസ്്റ്റാണ് ഷീല എബ്രഹാം.
അനുശ്രീയുമായുള്ള പരിചയം?
ആദ്യം എനിക്ക് കോള്‍ വരുന്നത് കണ്‍ട്രോളര്‍ ബാദുഷ എന്ന ഇക്കയുടെ അടുത്ത് നിന്നാണ്. ഒരുപാട് സിനിമകള്‍ ചെയ്യുന്ന കണ്‍ട്രോളറാണ് ബാദുക്ക. ബാദുക്ക വഴിയാണ് എന്നെ വിളിക്കുന്നത്. അങ്ങനെ സലീംകുമാര്‍ ചേട്ടന്‍ ഡയറക്ട് ചെയ്യുന്ന ജയറാമേട്ടന്റെ പടം ദൈവമേ കൈതൊഴാമിലാണ് ഞാന്‍ അനുവിന് ആദ്യമായി മേയ്ക്കപ്പും ഹെയറും ചെയ്യാന്‍ തുടങ്ങുന്നത്. അതുതുടങ്ങി പിന്നെ അവിടെ നിന്ന് പഞ്ചവര്‍ണ്ണത്തത്ത, മധുരരാജ, സെയ്ഫു, ഉള്‍ട്ട, പിന്നെ കുറെ ഷോകള്‍. യു.കെ, ദുബായ്, ഖത്തര്‍. അങ്ങനെ ഒരുപാട് വിദേശത്ത് ഷോകളും കാര്യങ്ങളുമായി പിന്നെ ആഡ് ഷൂട്ടൊക്കെയായിട്ട് അന്ന് തുടങ്ങി പിന്നെ അനുന്റെ ഫുള്‍ വര്‍ക്കാ ഞാനാണ്. ഞാനാണ് രണ്ടര വര്‍ഷമായിട്ട് അനുന്റെ ഫുള്‍ മേയ്ക്കപ്പ് ചെയ്യുന്നത്.
എങ്ങനെയാണ് അനുശ്രീയുടെ മേയ്ക്കപ്പ്?
ഞാന്‍ ഇപ്പോള്‍ രണ്ടര വര്‍ഷമായി അനുവിന് മേയ്ക്കപ്പ് ചെയ്യുന്നു. അനുവിന് എപ്പോഴും സിംപിള്‍ മേയ്ക്കപ്പാണ് ചെയ്യുന്നത്. ഒരിക്കലും ഓവറായി മേയ്ക്കപ്പ് ഇടാറില്ല. മേയ്ക്കപ്പേ ഇടാറില്ല. ലൈറ്റായിട്ട് ഒരു കണ്‍സീലര്‍ മാത്രം ഇട്ടാണ് ഇപ്പോള്‍ സിനിമയാണങ്കിലും ആഡ് ആണെങ്കിലും അല്ലെങ്കില്‍ ഷോയില്‍ ആണെങ്കിലും ലൈറ്റ് മേയ്ക്കപ്പിലാണ് അനുനെ ഞാന്‍ ഒരുക്കുന്നത്. അതേപോലെ ഓരോ ബ്രൈഡ് ആണെങ്കിലും ആര്‍ട്ടിസ്്റ്റാണെങ്കിലും അവരുടെ സ്‌കിന്‍ ടോണ്‍ അനുസരിച്ച് ഒരു നാച്ചുറല്‍ മേയ്ക്കപ്പിലേക്ക് കൊണ്ടുവരും. വീണ്ടും നമ്മള്‍ ശ്രദ്ധിക്കുന്നത് ഐ മേയ്ക്കപ്പിലാണ്. ഐ നല്ല രീതിയില്‍ ചെയ്യും. അതായത് ഫൗണ്ടേഷനൊക്കെ നമ്മള്‍ വളരെ സ്‌കിന്‍ ടോണാക്കിയിട്ടാണ് ഇപ്പോഴത്തെ മേയ്ക്കപ്പ് കൂടുതലും നമ്മള്‍ ചെയ്യുന്നത്. അത് ചെയ്യാന്‍ ഉപയോഗിക്കുന്നത് പുറത്ത് നിന്ന് കൊണ്ടുവരുന്ന അമേരിക്കന്‍ ലണ്ടന്‍ പ്രൊഡക്ടുകളാണ് നമ്മള്‍ ഉപയോഗിക്കുന്നത്. അതായത് ഒരോ ഷോകള്‍ക്ക് പോകുമ്പോള്‍ അവിടെ നിന്ന് പര്‍ച്ചേസ് ചെയ്ത് കൊണ്ടുവരുന്ന നല്ല ഹൈ ക്യാളിറ്റിയുള്ള പ്രൊഡക്ടാണ് ഉപയോഗിക്കുന്നത്.
സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ പ്രമുഖയാണ് രഞ്ജുരഞ്ജിമാര്‍. രഞ്ജുരഞ്ജിമാരെക്കുറിച്ച്.. രഞ്ജുമ്മയില്‍ നിന്ന് ലഭിച്ച സഹായങ്ങളെക്കുറിച്ച്?
ഞാന്‍ സിനിമയിലൂടെ വന്ന മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണല്ലോ. കൂടുതലും സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരുപാട് സിനിമകള്‍ ചെയ്തു. അതുമായി ബന്ധപ്പെട്ട് രഞ്ജുവമ്മ, രഞ്ജുരഞ്ജിമാര്‍ എന്ന രഞ്ജുവമ്മ. എനിക്ക് ഒരുപാട് ആര്‍ട്ടിസ്റ്റുകളെ പരിചയപ്പെടുത്തുകയും അവരുടെ വര്‍ക്ക് തരുകയും ചെയ്ത് എന്നെ കൂടുതല്‍ സഹായിച്ചിട്ടുള്ളത് രഞ്ജുമ്മയാണ്. പിന്നെ പ്രത്യേകിച്ച് പറയുവാനുള്ളത് ഞാന്‍ പട്ടണം റഷീദ് സാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് എന്റെ കോഴ്‌സ് കംപ്ലീറ്റ് ചെയ്തതെങ്കിലും എന്റെ ഗുരുവെന്ന് പറയുന്നതും ഞാന്‍ ആകെ അസിസ്റ്റ് ചെയ്തിരിക്കുന്നതുമായ ആകെ ഒരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് മാത്രമേയുളളൂ അത് അവിനാഷാണ്. അവിനാഷാണ് എന്റെ ഗുരു.
സ്ത്രീയായി മാറാനുള്ള ട്രീറ്റ്‌മെന്റുകള്‍?
ഞാന്‍ റിനൈ മെഡിസിറ്റിയിലാണ് ട്രീറ്റ്‌മെന്റ് ചെയ്യുന്നത്. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി. ആദ്യം ടാബ്ലറ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടായിരിക്കും ബോഡിയില്‍. അതായത് നമ്മുടെ ഹോര്‍മോണ്‍, സ്ത്രി ഹോര്‍മോണ്‍ പുരുഷ ഹോര്‍മോണ്‍ രണ്ടും കൂടെ നില്‍ക്കുന്ന ബോഡിയായത് കൊണ്ട് ആ ടാബ്ലറ്റ് ഒരു മൂന്ന് മാസമൊക്കെ കഴിച്ചപ്പോഴേക്കും മാനസികമായിട്ടെല്ലാം വലിയ ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അത് മറ്റുള്ള ട്രാന്‍സിന് ബുദ്ധിമുട്ടായിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. അങ്ങനെ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആ ടാബ്ലറ്റുമായി പൊരുത്തപ്പെട്ടു. ടാബ്ലറ്റിനോടൊപ്പം തന്നെ ഇഞ്ചക്ഷനും ഉണ്ട്. ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ഓക്കെയാണ്. അതിന് ശേഷം അടുത്ത ജൂണ്‍ സര്‍ജറി. അങ്ങനെയാണ് പ്ലാന്‍ ചെയ്യുന്നത്. പിന്നെ ഫുള്‍ ബിസിയായത് കൊണ്ട് നമ്മള്‍ ഡേറ്റ് ഒക്കെ നോക്കിയിട്ടാണ് എസ് ആര്‍ എസ് ചെയ്യുന്നത്. ഈ എസ് ആര്‍ എസ് ശരിക്കും പറഞ്ഞാല്‍ പത്ത് മണിക്കൂറാണ് സര്‍ജറി. അത് വലിയ പെയിനാണ്. സര്‍ജറിക്ക് ശേഷം നല്ല റെസ്റ്റ് വേണം. എന്റെ കൂട്ടുകാരിയുടെ സര്‍ജറി കഴിഞ്ഞപ്പോള്‍ ഞാനാണ് അവളെ നോക്കിയത്. അവളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ജറിക്ക് കയറ്റുന്നതിന് തൊട്ട് മുമ്പ് നിങ്ങള്‍ സര്‍ജറിക്ക് തയ്യാറാണോയെന്ന് ചോദിച്ച് തയ്യാറാണങ്കില്‍ മാത്രമേ തീയേറ്ററിലേക്ക് കയറ്റുകയുള്ളൂവെന്നാണ് പറഞ്ഞത്. സര്‍ജറി കഴിഞ്ഞാല്‍ പിന്നെ യഥാര്‍ത്ഥ പെണ്ണുതന്നെയാണ്. ഒരു പെണ്ണിന് ഉണ്ടാവുന്ന അവയവങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ടാവും.
പെണ്ണായി ജീവിക്കാനുള്ള തീരുമാനം?
ഒരു സ്ത്രീയാണെന്ന് തോന്നിയപ്പോള്‍ എനിക്ക് ആണായിട്ട് ജീവിക്കാന്‍ ഒരിക്കലും തോന്നിയട്ടില്ല. എനിക്ക് പെണ്ണായി തന്നെ ജീവിക്കണം. എന്റെ കമ്മ്യൂണിറ്റിയില്‍ പെണ്ണായി തന്നെ നടക്കണം എന്ന രീതിയില്‍ തന്നെയാണ് ഞാന്‍ ജീവിച്ച് പോവുന്നത്. ഇനി അങ്ങനെ തന്നെ ഒരു പെണ്ണായി തന്നെ ഞാന്‍ ജീവിക്കുകയുള്ളൂ. അതായത് ഒരുപാട് പേര് നമ്മളെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ട് ഉണ്ടാവും. അങ്ങനെ ബുദ്ധിമുട്ടിച്ചിട്ടുള്ളവരുടെ മുന്നില്‍ പൊരുതി തന്നെ ജീവിക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.
(തയ്യാറാക്കിയത് : പി.എസ്.സുവര്‍ണ്ണ)