മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. പിന്നീട് ധമാക്ക, ചങ്ക്‌സ് 2, ഒരു അഡാറ് ലവ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ബാബു ആന്റണിയെ വച്ച് പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒടുവിലാണ് ഒമര്‍ ഒരുക്കിയത്.
ഇപ്പോള്‍ പുതിയ ചിത്രം'നല്ല സമയം'റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോള്‍ ഇത് തീയേറ്ററില്‍ റിലീസ് ചെയ്യാനുള്ള സംഭവമുണ്ടല്ലോ എന്ന് തോന്നിയെന്നും, തീയേറ്റര്‍ റിലീസാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒമര്‍ പങ്ക് വച്ച വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'ഒമര്‍ ലുലു പടത്തില്‍ എന്തൊക്കെയാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? ഡബിള്‍ മീനിംഗ്, പാട്ട്, ഡാന്‍സ് ഇതെല്ലാമുണ്ടാകും. ബ്രോ ഡാഡിയിലെയും ധമാക്കയിലെയുമൊക്കെ കണ്ടന്റ് ഏകദേശം ഒന്നാണ്. പിന്നെ ജഗതിച്ചേട്ടന്റെ മറ്റേ ട്രോളില്‍ പറയുന്നത് പോലെ അവര്‍ ചെയ്യുമ്പോള്‍ ആഹാ നമ്മള്‍ ചെയ്യുമ്പോള്‍ ഓഹോ.'- ഒമര്‍ ലുലു പറഞ്ഞു.
'സാറ്റ്ലൈറ്റ് എന്ന് പറയുന്ന സാധനം കൊണ്ടാണ് മലയാള സിനിമ നശിച്ചത്. വലിയ വലിയ ബിസിനസ് സാദ്ധ്യതകള്‍ കണ്ട് സിനിമ ചെയ്യുന്നു. ബാബു ആന്റണി ചേട്ടനെ വച്ച് പവര്‍സ്റ്റാര്‍ ചെയ്യാന്‍ നിര്‍മാതാവിനെ തപ്പിയ കഷ്ടപ്പാട് എനിക്കേ അറിയൂ. സ്റ്റാറുകളില്ലാത്ത സിനിമ എങ്ങനെയാണ് സാറ്റ്ലൈറ്റ് എടുക്കുക. തീയേറ്ററില്‍ ഓടി ഹിറ്റാകണം. എന്റെ നാല് പടങ്ങളും തീയേറ്ററില്‍ ഓടി. ധമാക്കയാണ് ഓടാത്തത്. അതാണ് ഏറ്റവും പൈസ കുറവില്‍ കൊടുത്തത്.'- ഒമര്‍ ലുലു പറഞ്ഞു.
പുതിയ താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് ഒമര്‍. ഇതില്‍ ചില താരങ്ങള്‍ പിന്നെ സംവിധായകനെ തിരിഞ്ഞുനോക്കാത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും ഒമര്‍ ലുലു പ്രതികരിച്ചു. 'ഞാന്‍ എന്റെ മക്കളില്‍ നിന്ന് പോലും ഒന്നും പ്രതീക്ഷിക്കാത്ത വ്യക്തിയാണ്. പിന്നെയല്ലെ ഇവര്‍. ആര്‍ക്കാ നഷ്ടം. ഞാന്‍ ഇപ്പോഴും സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു.