Latest News

നവാസിന്റെ വേര്‍പാടോടെ താനും മക്കളും നടുക്കടലില്‍ അകപ്പെട്ടതുപോലെ; എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല;നവാസ്‌ക്കയെ ഓര്‍ത്ത് തൈ നട്ടു;വര്‍ഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി നവാസിന്റെ ഭാര്യ രഹ്ന

Malayalilife
 നവാസിന്റെ വേര്‍പാടോടെ താനും മക്കളും നടുക്കടലില്‍ അകപ്പെട്ടതുപോലെ; എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല;നവാസ്‌ക്കയെ ഓര്‍ത്ത് തൈ നട്ടു;വര്‍ഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി നവാസിന്റെ ഭാര്യ രഹ്ന

മലയാളികളെ ഏറെ വേദനിപ്പിച്ച വേര്‍പാടായിരുന്നു കലാഭവന്‍ നവാസിന്റേത്. മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിരിക്കെ ഇപ്പോഴും അദ്ദേഹത്തിന്റെ വേര്‍പാട് നല്‍കിയ ആഘാതത്തില്‍ നിന്നും പുറത്തേക്കു വരാന്‍ പാടുപെടുകയാണ് ഭാര്യ രഹ്നയും മക്കളും. കാരണം, അത്രത്തോളം സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോഴിതാ, നവാസിന്റെയും രഹ്നയുടെയും ഇരുപത്തിനാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ഉള്ളുനീറുന്ന കുറിപ്പു പങ്കുവച്ചിരിക്കുകയാണ് രഹ്ന. 

നവാസിന്റെ വേര്‍പാടിനു ശേഷമുള്ള ഈ പ്രത്യേക ദിനത്തില്‍, അദ്ദേഹത്തിന്റെ ആത്മാവിന്റെ കൈപിടിച്ച് താന്‍ ഒരു വൃക്ഷത്തൈ നട്ടതായി രഹ്ന സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഓരോ വിവാഹ വാര്‍ഷികത്തിനും ഇരുവരും ഒന്നിച്ച് മരത്തൈകള്‍ നടുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ നവാസും രഹ്നയും ചേര്‍ന്ന് നട്ടുപിടിപ്പിച്ച തൈകള്‍ വളര്‍ന്ന് അവരുടെ വീടിനു ചുറ്റും ഒരു വലിയ ഉദ്യാനമായി മാറിയിരിക്കുകയാണ്.

വര്‍ഷങ്ങളായി ഒന്നിച്ച് ചെയ്തുപോന്ന ഈ ശീലം നവാസിന്റെ വേര്‍പാടിനു ശേഷവും തെറ്റിക്കാന്‍ കഴിഞ്ഞില്ലെന്ന് രഹ്ന വേദനയോടെ ഓര്‍ക്കുന്നു. എങ്കിലും മനസ്സിലെ കടുത്ത വിഷമവും ശൂന്യതയും കാരണം ഇത് തുടരാന്‍ ഏറെ പ്രയാസപ്പെടുകയാണെന്നും അവര്‍ തുറന്നുപറഞ്ഞു. വിധി പലപ്പോഴും ഹൃദയത്തെ കീറിമുറിക്കുമെന്നും ഈശ്വരന്‍ ആ മുറിവുകള്‍ ഉണക്കുമെങ്കിലും ആ പാടുകള്‍ മനസ്സില്‍ എന്നെന്നും മായാതെ കിടക്കുമെന്നും രഹ്ന വികാരഭരിതയായി കൂട്ടിച്ചേര്‍ത്തു.

നവാസിന്റെ പെട്ടെന്നുള്ള വേര്‍പാടോടെ താനും മക്കളും നടുക്കടലില്‍ അകപ്പെട്ടതുപോലെയുള്ള അവസ്ഥയിലാണെന്ന് രഹ്ന കുറിച്ചു. എത്രനേരം ഈ നടുക്കടലില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് അറിയില്ലെന്നും അവരുടെ വാക്കുകളില്‍ തെളിയുന്നു. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിലും തങ്ങളുടെ അവസ്ഥ പ്രിയപ്പെട്ടവരെയും ആരാധകരെയുമെല്ലാം ഒരുപോലെ വിഷമത്തിലാക്കുകയാണ്.

നവാസ്‌ക്ക വിട്ടുപിരിഞ്ഞ് ഇത്രയും നാളായിട്ടും തങ്ങള്‍ ആര്‍ക്കും ഒരു ബാധ്യതയായി മാറിയിട്ടില്ലെന്ന് രഹ്ന വ്യക്തമാക്കുന്നു. ഈശ്വരന്‍ തന്നെ ചേര്‍ത്തുപിടിച്ച് താങ്ങിനിര്‍ത്തിയത് കൊണ്ടുമാത്രമാണ് ഈ പ്രയാസങ്ങളെയെല്ലാം അതിജീവിക്കാന്‍ സാധിക്കുന്നത്. കഷ്ടപ്പാടുകള്‍ക്കിടയിലും ആരുടെയും മുന്നില്‍ കൈനീട്ടാതെ സ്വന്തം അധ്വാനം കൊണ്ട് മുന്നോട്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നത്.

ജീവിതത്തിന്റെ അവസാന നിമിഷം വരെ ആരില്‍നിന്നും ഒന്നും വാങ്ങാതെ അന്തസ്സോടെ ജീവിച്ചുതീര്‍ക്കണമെന്നാണ് ആഗ്രഹമെന്നും അതിനായി തനിക്ക് അധ്വാനിച്ചേ മതിയാകൂ എന്നും വ്യക്തമാക്കിക്കൊണ്ടാണ് രഹ്ന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഹൃദയം നുറുങ്ങുന്ന രഹ്നയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ സങ്കടത്തോടെയാണ് പ്രിയപ്പെട്ടവരും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

rahna about wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES