പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ ആശംസകളുമായി താരങ്ങള്‍. ഷാരൂഖ് ഖാനും അക്ഷയ് കുമാറും രജനീകാന്തും ഉണ്ണിമുകുന്ദനും ആശംസകള്‍ പങ്കുവച്ചു. ശബ്ദ വിവരണത്തോടെയുള്ള വീഡിയോയാണ് ഷാരൂഖും അക്ഷയ്യും പങ്കുവച്ചിരിക്കുന്നത്.
'നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, ഓരോ പൗരനേയും പ്രതിനിധീകരിക്കുന്ന, രാജ്യത്തിന്റെ വൈവിധ്യത്തെ കാത്തു സൂക്ഷിക്കുന്നവര്‍ക്കുള്ള പുതിയ ഇടം. പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയ ഇന്ത്യക്ക് വേണ്ടിയുള്ളതാണ്. പക്ഷെ, അതിന്റെ അടിസ്ഥാനം മഹത്തായ ഇന്ത്യ എന്ന പഴയ സ്വപ്നം തന്നെയാണ്... ജയ് ഹിന്ദ്''എന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇത് റീട്വീറ്റ് ചെയ്ത് ഷാരൂഖിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ''മനോഹരമായി പ്രകടിപ്പിച്ചിരിക്കുന്നു! പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണ്. അത് പാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്നു'' എന്നാണ് മോദിയുടെ ട്വീറ്റ്.
''ആദ്യമായി പുതിയ പാര്‍ലമെന്റ് മന്ദിരം കണ്ടപ്പോഴുള്ള അനുഭവമാണ് അക്ഷയ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ''മഹത്തായ പുതിയ പാര്‍ലമെന്റ് മന്ദിരം കാണാനായതില്‍ അഭിമാനം. ഇത് എല്ലാക്കാലത്തും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമാകട്ടെ'' എന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത്.
അക്ഷയ് കുമാറിനും മറുപടിയുമായി പ്രധാനമന്ത്രി എത്തി. ''താങ്കളുടെ ചിന്തകള്‍ വളരെ മനോഹരമായി വിവരിച്ചു. പുതിയ പാര്‍ലമെന്റ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ വെളിച്ചമാണ്. ഇത് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളേയും പ്രതിഫലിപ്പിക്കുന്നതാണ്'' എന്നാണ് മോദിയുടെ മറുപടി.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോലിനൊപ്പം തമിഴന്റെ അഭിമാനം ഉയര്‍ത്തിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രജനീകാന്തും രംഗത്തെത്തി.
തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തിളങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായി രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യാക്കാര്‍ക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ പങ്കുവച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.
'ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം', എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. #NewParliamentHouse എന്ന ഹാഷ്ടാഗും ഉണ്ണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
എന്നാല്‍ചടങ്ങിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ നടന്‍ പ്രകാശ് രാജ്.'വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങള്‍'എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്‌കിങ് എന്ന എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം തന്റെ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് തന്നെ ഈ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ട്വീറ്റ് ചെയ്ത് നടന്‍ കമല്‍ഹാസനും പ്രതികരിച്ചു