പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നടി നവ്യ നായര്‍. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കള്‍ മക്കളെ പഠിക്കാന്‍ അയയ്ക്കുന്നത്. കരുണയില്ലാത്ത ഈ റാഗിങ് അവസാനിപ്പിക്കൂവെന്ന് നവ്യ പറഞ്ഞു. ഒരു അമ്മ എന്ന നിലയില്‍ താന്‍ ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും നടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
'എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മള്‍ പഠിക്കാന്‍ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍.. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു,' നവ്യ നായര്‍ പ്രതികരിച്ചു.
സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ള നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. രൂക്ഷ പ്രതികരണവുമായാണ് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത് എത്തിയത്. കൊലയ്ക്ക് പിന്നിലുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ആരെയും വെറുതെ വിടരുതെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാണെന്നും വരുതി തീര്‍ത്തുവെന്നും ഇല്ലാത്ത കഥകള്‍ ചമച്ച് സിദ്ധാര്‍ത്ഥനെ വീണ്ടും വ്യക്തിഹത്യ ചെയ്യുകയാണെന്നും അരുണ്‍ ഗോപി ആരോപിച്ചു.