എറണാകുളം ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീല്‍ചെയറുകള്‍ എത്തിച്ച് നടന്‍ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങള്‍ക്കായി വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി, എറണാകുളം ജില്ലാതല വീല്‍ചെയര്‍ വിതരണത്തിന്റെ ഉദ്ഘാടനം ഫോര്‍ട്ട് കൊച്ചിയില്‍ നടന്നു. ഫോര്‍ട്ട് കൊച്ചി വെളിയിലെ സെന്റ് ജോസഫ് വെഫ്‌സ് ഹോമില്‍ വെച്ചാണ് വീല്‍ചെയര്‍ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്..
കെയര്‍ ആന്‍ഡ് ഷെയറിന്റെ വീല്‍ചെയര്‍ വിതരണ ചടങ്ങ്, എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് പി രാജകുമാര്‍ ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ പി രാജ്കുമാര്‍ പറഞ്ഞു. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന അദ്ദേഹത്തിന്റെ മനസ്സ് എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹം വഴി ജീവിതപാതയിലേക്ക് തിരിച്ചുവന്ന നിരവധി പേരെ തനിക്ക് നേരിട്ട് അറിയാം. തുടര്‍ന്നും മമ്മൂട്ടിയുടെ ഇത്തരത്തിലുള്ള പദ്ധതികളില്‍ പങ്കാളിയാകുന്നത് തനിക്ക് അഭിമാനകരമാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പി രാജ്കുമാര്‍ പറഞ്ഞു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു.കേരളാ ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി കെ അബ്ദുല്‍ റഹിം, രാജഗിരി ആശുപത്രി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് പോള്‍, ഡോ അമൃത ടി എസ്, വെല്‍ഫയര്‍ അസോസിയേഷന്‍ ട്രസ്റ്റ് ആലുവ അഡ്മിനിസ്റ്ററേറ്റര്‍ ഷമീല ജമല്‍, സെന്റ് ജോസഫ് വെഫ്സ് ഹോം മാനേജര്‍ സിസ്റ്റര്‍ അഗസ്റ്റ സീസര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്ഥാപനമേധാവികള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് രാജകുമാറില്‍ നിന്നും വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി.