തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി മീന. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ്, തനിക്ക് ഒരു മകളുണ്ടെന്ന കാര്യം പോലും മറന്ന് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ തനിക്ക് സങ്കടവും ദേഷ്യവും തോന്നുന്നതായി അവര്‍ തുറന്നു പറഞ്ഞത്. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും, തന്റെ ചുറ്റുമുള്ളവര്‍ ചെയ്ത തെറ്റുകള്‍ക്ക് അവര്‍ അനുഭവിച്ചത് നേരില്‍ കണ്ടിട്ടുണ്ടെന്നും മീന പറഞ്ഞു.
'എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആളുകള്‍ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ഇത് അംഗീകരിക്കാനാവില്ല,' മീന പറഞ്ഞു. 'എനിക്കൊരു മകളുണ്ടെന്ന കാര്യം ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവര്‍ മറന്നുപോകുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന് അവര്‍ ഓര്‍ക്കുന്നില്ല. വാര്‍ത്തകളില്‍ അല്പമെങ്കിലും സത്യമുണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. സ്വന്തം കണ്ണുകൊണ്ട് കണ്ടപോലെ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നവരോട് പുച്ഛമാണ് തോന്നുന്നത്.' നടി കൂട്ടിച്ചേര്‍ത്തു. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങിയ താരമാണ് മീന.
രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നടിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിന് പിന്നാലെയാണ് താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. താന്‍ വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തിയാണെന്നും സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മീന വ്യക്തമാക്കി. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മനസ് മടുപ്പിക്കാന്‍ താന്‍ തയ്യാറല്ല. ഇപ്പോള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെങ്കിലും, തന്റെ ക്ഷമ നശിക്കുന്നത് എപ്പോഴാണെന്ന് പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.