ഏറെ നാളായി സിനിമയുടെ ഗ്ലാമര്‍ ലോകത്ത് നിന്ന് അകന്നുനില്‍ക്കുകയായിരുന്നു കനകലത. പാര്‍ക്കിന്‍സണ്‍സും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി. സിനിമയിലോ, സീരിയലിലോ വിളിച്ചാല്‍ പോകാന്‍ കഴിയാത്ത അവസ്ഥയായി.
ഗൃഹലക്ഷ്മിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കനകലതയുടെ ആരോഗ്യസ്ഥിതി ലോകമറിയുന്നത്. സഹോദരി വിജയമ്മയാണ് അന്ന് സ്വന്തം പേരുപോലും മറന്ന്, ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുകഴിയുന്ന കനകലതയുടെ കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയത്.
കോവിഡ് കാലത്ത്, 2021ലാണ് കനകലതയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതെന്ന് സഹോദരി പറഞ്ഞിരുന്നു. പിന്നീട് മറവിരോഗത്തിന്റെ ലക്ഷണമായിരുന്നു അതെന്ന് കണ്ടെത്തിയത്. ഏറ്റവുമൊടുവില്‍ സ്വന്തം പേരു പോലും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കനകലത.
'ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത അവളില്‍ കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നത് അവള്‍ നിര്‍ത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിര്‍ബന്ധിച്ചു. അങ്ങനെ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്‍. എ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.'
'ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നശേഷം കിംസ് ഹോസ്പിറ്റലിലെ ഡോക്ടറെ കാണിച്ചു. 2022 ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള്‍ അവിടെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടര്‍ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. ഞങ്ങള്‍ക്ക് പേടിയായിരുന്നു. അണുബാധയുണ്ടാവുമെന്നൊക്കെ ചിലര്‍ പറഞ്ഞു. ആദ്യമായിട്ടല്ലേ ഇങ്ങനെയൊക്കെ കേള്‍ക്കുന്നതും കാണുന്നതും. അതുവരെ ഭക്ഷണം അല്പസ്വല്പം കഴിക്കുമായിരുന്നു. പക്ഷേ, 2023 ഏപ്രില്‍ ആയപ്പോഴേക്കും അവള്‍ തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവള്‍ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല. പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും,' സഹോദരിയുടെ അവസ്ഥയെ കുറിച്ച് വിജയമ്മ പറയുന്നതിങ്ങനെ.
'പൂക്കാലം' ആണ് കനകലത അവസാനം അഭിനയിച്ച ചിത്രം. അമ്മ, ആത്മ തുടങ്ങിയ സംഘടനകളില്‍ നിന്ന് ലഭിക്കുന്ന സഹായത്തിലാണ് നടിയുടെ ചികിത്സയും മറ്റു ചിലവുകളും നടന്നുവന്നത്. 2005ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയ കനകലതയ്ക്ക് മക്കള്‍ ഇല്ല. സഹോദരന്റെ മകനും കുടുംബത്തിനുമൊപ്പമാണ് കനകലതയും വിജയമ്മയും കഴിഞ്ഞിരുന്നത്.
ചെറുപ്പത്തിലേ കലാരംഗത്ത് സജീവം
ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ചു. 'ഉണര്‍ത്തുപാട്ട്' ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് 'ചില്ല്' എന്ന സിനിമയിലൂടെയാണ് താരം അഭ്രപാളികളില്‍ എത്തുന്നത്. 360 ല്‍ അധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ കനകലത 22 ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ചു. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹമോചനം നേടി.
2018 ല്‍ 'പഞ്ചവര്‍ണതത്ത', 2019 ല്‍ 'ആകാശഗംഗ 2' എന്നിവയാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കനകലത അഭിനയിച്ച മെയിന്‍സ്ട്രീം സിനിമകള്‍. അവസരങ്ങള്‍ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം സിനിമയില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തില്‍ സജീവമാകാമെന്നാണ് കനകലതയുടെ പ്രതീക്ഷ പൊലിഞ്ഞുപോയി.
'ചില്ല് സിനിമ റിലീസ് ആയ സമയത്ത് ഞാന്‍ വിവാഹിതയായി. പക്ഷേ ദാമ്പത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങള്‍ വേര്‍പിരിഞ്ഞു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാന്‍ സ്വന്തം മക്കളായി ദത്തെടുത്തു വളര്‍ത്താന്‍ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാന്‍ വളര്‍ത്തി. രണ്ടു പെണ്‍മക്കളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോള്‍ എന്നോടൊപ്പമുള്ളത്.'
നിരവധി വാടകവീടുകളില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച എനിക്ക് സ്വന്തമായി ഒരു വീട് വലിയ സ്വപ്നമായിരുന്നു. അങ്ങനെ മലയിന്‍കീഴില്‍ 3.5 സെന്റ് സ്ഥലം വാങ്ങി. കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി വീടുപണി തുടങ്ങി. അവസാനം പണി പൂര്‍ത്തിയാക്കാന്‍ 3 ലക്ഷം കൂടി വേണ്ട സന്ദര്‍ഭമെത്തി. അന്ന് എന്റെ അവസ്ഥ കണ്ട് സഹായിച്ചത് കലാഭവന്‍ മണിയും ഇന്ദ്രന്‍സുമായിരുന്നു. എന്നും ആ സ്മരണ എന്റെ ജീവിതത്തിലുണ്ടാകും. കൊറോണക്കാലം ഞങ്ങളെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കാണ് ഏറ്റവും പ്രഹരമായത്. എട്ടു മാസമാണ് പണിയില്ലാതെ ഞാന്‍ പണിയില്ലാതെ വീട്ടിലിരുന്നത്.'-കനകലത പറഞ്ഞുനിര്‍ത്തി.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ല്‍ ഓഗസ്റ്റ് 24-ന് ജനനം. കൊല്ലം സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1980-ല്‍ ഉണര്‍ത്തുപാട്ട് എന്ന സിനിമയില്‍ അഭിനയിച്ചു. ആദ്യ ചിത്രം റിലീസായില്ല.