Latest News

പാര്‍ക്കിംഗ് കേന്ദ്രത്തില്‍ വാഹനം നിറുത്തി ഷോപ്പിംഗിന് പോയ ജോജു ജോര്‍ജിന്റെയും സംഘത്തിന്റെയും പണവും പാസ്‌പോര്‍ട്ടും കവര്‍ന്നു; മോഷണം ലണ്ടനില്‍; താരം എത്തിയത് ആന്റണിയുടെ പ്രോമോഷനായി

Malayalilife
പാര്‍ക്കിംഗ് കേന്ദ്രത്തില്‍ വാഹനം നിറുത്തി ഷോപ്പിംഗിന് പോയ ജോജു ജോര്‍ജിന്റെയും സംഘത്തിന്റെയും   പണവും   പാസ്‌പോര്‍ട്ടും  കവര്‍ന്നു; മോഷണം ലണ്ടനില്‍; താരം എത്തിയത് ആന്റണിയുടെ പ്രോമോഷനായി

യു.കെയില്‍ മോഷണത്തിനിരയായി നടന്‍ ജോജു ജോര്‍ജ്. മോഷ്ടാക്കള്‍ താരത്തിന്റെ പാസ്പോര്‍ട്ടും പണവും കവര്‍ന്നു. പുതിയ ചിത്രമായ 'ആന്റണി'യുടെ നിര്‍മാതാവ് ഐന്‍സ്റ്റീന്‍ സാക്ക് പോളിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫിന്റെയും പണവും പാസ്പോര്‍ട്ടുകളും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇടപെട്ടിട്ടുണ്ട്.  

ഇവര്‍ സഞ്ചരിച്ചിരുന്ന ഡിഫന്‍ഡര്‍ കാറിലാണു കവര്‍ച്ച നടന്നത്. ആകെ 15,000 പൗണ്ടിന്റെ(ഏകദേശം 15 ലക്ഷം രൂപ) മോഷണം നടന്നതായാണ് റിപ്പോര്‍ട്ട്. ജോജുവിന്റെ 2,000 പൗണ്ട്(ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് പാസ്പോര്‍ട്ടിനൊപ്പം നഷ്ടമായത്. ഐന്‍സ്റ്റീന്റെ 9,000 പൗണ്ടും ഷിജോയുടെ 4,000 പൗണ്ടും സംഘം കവര്‍ന്നു.  ലണ്ടനിലെ ഓക്സ്ഫഡിനടുത്ത് ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് ഷോപ്പിങ് നടത്തുന്നതിനിടെയാണു കവര്‍ച്ച നടന്നത്. 

തൊട്ടടുത്തുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം നിര്‍ത്തി ഷോപ്പിങ്ങിനു പോയതായിരുന്നു ജോജുവും സഹപ്രവര്‍ത്തകരും. നടനും നിര്‍മാതാവുമായ ചെമ്പന്‍ വിനോദും നടി കല്യാണി പ്രിയദര്‍ശനും മറ്റൊരു കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.  ഷോപ്പിങ് കഴിഞ്ഞ് കാറില്‍ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. പാസ്പോര്‍ട്ടിനും പണത്തിനുമൊപ്പം കാറില്‍ സൂക്ഷിച്ചിരുന്ന ഷോപ്പിങ് സാധനങ്ങളും ലാപ്ടോപ്പുമെല്ലാം നഷ്ടമായ കൂട്ടത്തിലുണ്ട്. വിവരമറിഞ്ഞ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇടപെട്ട് ഇവര്‍ക്കു താല്‍ക്കാലിക പാസ്പോര്‍ട്ട് നല്‍കി. ഇതിനുശേഷം ജോജുവും കല്യാണിയും നാട്ടിലേക്കു മടങ്ങി.  

ലണ്ടനിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ബിസ്റ്റര്‍ വില്ലേജ്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവിടെ ഷോപ്പിങ്ങിനെത്താറുണ്ട്. വിലപിടിപ്പുള്ള ബ്രാന്‍ഡുകള്‍ ഇവിടത്തെ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആന്റണി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റോഥറമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മ വള്ളംകളിയില്‍ അതിഥികളായി എത്തിയതായിരുന്നു ജോജുവും സംഘവും.

ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇടപെട്ട് ജോജുവിനും നിര്‍മ്മാതാക്കള്‍ക്കും താത്കാലിക പാസ്പോര്‍ട്ട് നല്‍കി. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.


 

joju george robbed in london

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES