ഹിഗ്വിറ്റ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്.സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പര്‍ എന്‍. എസ് മാധവനില്‍ നിന്ന് അനുമതി വാങ്ങിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.അഭിഭാഷകരെ കണ്ട് വിഷയത്തില്‍ നിയമപദേശം തേടി.
മൂന്നുവര്‍ഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രജിസ്റ്റര്‍ ചെയ്തു.ഇക്കാര്യങ്ങള്‍ ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.ഹ്വിഗിറ്റ എന്ന സിനിമയക്ക് എന്‍എസ് മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്നും ഹ്വിഗിറ്റ ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ത് ജി നായര്‍ വ്യക്തമാക്കി.
സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരുതരത്തിലും മാറ്റില്ലെന്നും സംവിധായകന്‍ അറിയിച്ചു. എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ലെന്നും പ്രതീക്ഷിക്കാതെ വന്ന ഒരു വിവാദമാണിതെന്നും ഹേമന്ത് വിശദീകരിക്കുന്നു.ആകെ പകച്ചു നില്‍ക്കുകയാണ്. എന്റെ ആദ്യത്തെ സിനിമയാണ് ഹിഗ്വിറ്റ. കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയായിരുന്നു എന്റെ യാത്ര. 2019 നവംബര്‍ 8നാണ് മലയാളത്തിലെ പ്രമുഖരായ എട്ടു താരങ്ങളുടെ സോഷ്യല്‍ മീഡിയ വഴി ടൈറ്റില്‍ ലോഞ്ച് ചെയ്തത്.
കോവിഡും മറ്റു പല പ്രതിസന്ധികളിലൂടെയുമൊക്കെ കടന്നു പോയി ഇപ്പോഴാണ് ഹിഗ്വിറ്റ റിലീസിനൊരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് അറിയില്ല. ഒരുപാട് ബഹുമാനിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് ഇത്തരത്തില്‍ വിഷമമുണ്ടായി എന്നതില്‍ വളരെയധികം ഖേദമുണ്ട്.
ഹിഗ്വിറ്റ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണത്. രാഷ്ട്രീയ നേതാവിന്റെ ധര്‍മ്മം അയാളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്. ഒരു കളിക്കളത്തിലെ ഗോളി ചെയ്യുന്നതും അതേ ധര്‍മ്മം തന്നെയാണ്. അങ്ങനെയൊരു പ്രതീകമായാണ് ഈ പേരിലേക്കെത്തിയത്. ഹേമന്ത് പറയുന്നു. ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തുകയാണ്. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടിയേ ബാക്കിയുള്ളൂ എന്നും അതു കൊണ്ടു തന്നെ അവസാന നിമിഷം പേരു മാറ്റാന്‍ സാധിക്കില്ലെന്നും ഹേമന്ത് പറയുന്നു.
അതേസമയം സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കും മാധവന്റെ അനുമതി വേണമെന്ന് ഫിലിംചേംമ്പര്‍ നിലപാടിനെതിരെയും രൂക്ഷ വിമര്‍ശനവുമായ സംവിധായകന്‍ വേണുവും രംഗത്ത് വന്നു. ചെറുകഥക്ക് എന്‍ എസ് മാധവന്‍ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്ന് വേണു ചോദിച്ചു. എന്‍എസ് മാധവനില്ലായിരുന്നുവെങ്കില്‍ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്.
എന്‍ എസ് മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോരിറ്റിയെന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല. ഫിലിം ചേംബര്‍ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഫുട്ബോളിനെ ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേല്‍പ്പിക്കലാണ്. ചിലര്‍ക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേല്‍പ്പിക്കല്‍. അതിനെല്ലാം മുന്‍പേ എന്താണ് ഇതിന്റെ കഥയെന്നെല്ലാമന്വേഷിക്കൂ. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോയെന്ന് ഫിലിംചേംമ്പറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍ ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഃഖകരമാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്', എന്നാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.
വിവാദ പ്രശ്നത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി്. 'ഹിഗ്വിറ്റ' എന്‍ എസ് മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ലെന്നും ബെന്യാമിന്‍ പ്രതികരിച്ചു.
സിനിമക്കാര്‍ക്ക് ഇരട്ട സ്വഭാവമാണ് ഉളളതെന്ന് ബെന്യാമിന്‍ പറഞ്ഞു. ഹിഗ്വിറ്റ എന്ന പേര് മാത്രമല്ല ഈ അടുത്തായി സിനിമയുടെ പ്രവര്‍ത്തകര്‍ ഓസിന് തട്ടിയെടുത്തു കൊണ്ട് പോയ പേരുകള്‍ നിരവധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പന്‍, പെരുമ്പടത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിങ്ങനെ എത്ര വേണമെങ്കിലും എണ്ണിയാല്‍ തീരാത്ത അത്രയും ഉണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കു വച്ചു. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും ബെന്യാമിന്‍ പറഞ്ഞു.
ബെന്യാമിന്റെ വാക്കുകള്‍ ഇങ്ങനെ
ഹിഗ്വിറ്റ, മാധവന്റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാല്‍ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല. ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാര്‍ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകള്‍, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പന്‍, പെരുമ്പടത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകള്‍ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങള്‍ നൂറായിരം. എന്നിട്ട് ഈ സിനിമക്കാര്‍ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റര്‍ ചെയ്യും. പിന്നെ ആ പേര് മറ്റാര്‍ക്കും ഉപയോഗിക്കാന്‍ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവന്‍ സ്വന്തം പേരില്‍ പിടിച്ചു വയ്ക്കും. മാധവനു എതിരെ സംസാരിക്കുന്നവര്‍ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.
ഇതിന് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍ എന്‍എസ് മാധവനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എന്‍ എസ് മാധവന്റെ കഥയിലൂടെയാണ്. ആ പേരില്‍ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതില്‍ അനീതിയുണ്ടെന്ന് കെ സച്ചിദാനന്ദന്‍ പറഞ്ഞത്. സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് മാംഗോസ് എന്‍ കോക്കനട്ട് സിസിന്റെ ബാനറില്‍ ബോബി തര്യന്‍ - സജിത് അമ്മ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്