ചിത്രത്തിന്റെ പേരുകൊണ്ട് തന്നെ വലിയ വിവാദങ്ങളാല്‍ നിറഞ്ഞ ചിത്രമാണ് ഹിഗ്വിറ്റ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സെന്‍സറിങ്ങില്‍ U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ടീസര്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനുമാണ് ടീസറിലുള്ളത്. ത്രില്ലടിപ്പിക്കുന്ന ടീസര്‍ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടി കഴിഞ്ഞു.
ഹേമന്ത് ജി. നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഹിഗ്വിറ്റ എന്ന പേരിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ചിത്രം വിവാദങ്ങള്‍ക്കു തുടക്കമാവുന്നത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥയ്ക്ക് ഇതേ പേരാണ് എന്നതായിരുന്നു കാരണം. പേര് വിവാദത്തില്‍ ഫിലിം ചേമ്പര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രതികൂലമായ നിലപാടായിരുന്നു എടുത്തിരുന്നത്. ഹിഗ്വിറ്റ എന്ന പേരു നല്‍കുന്നതിനെ ഫിലിം ചേമ്പര്‍ വിലക്കിയിരുന്നു. എന്‍എസ് മാധവന്റെ ചെറുകഥയുടെ പേരാണ് ഇത് എന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമയ്ക്ക് നല്‍കിയത് എന്നാണ് വിലക്കിന്റെ കാരണമായി ഫിലിം ചേംബര്‍ പറഞ്ഞത്.
എന്നാല്‍ പേര് മാറ്റില്ലെന്ന ഉറച്ച നിലപാടുമായി അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുപോവുകയായിരുന്നു. 2019ല്‍ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും, സിനിമയുടെ സെന്‍സര്‍ഷിപ്പിന് ചേമ്പറിന്റെ ഭാഗത്ത് നിന്നും തടസം ഉണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രശ്നങ്ങളൊന്നുമില്ലാതെ സെന്‍സറിങ് പൂര്‍ത്തിയാവുകയായിരുന്നു. ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായുമാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സമകാലിക രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന വിവരം.