കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ട് വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ചെത്തുകാരന്‍ കോരന്റെ മകന്‍ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍. അവരുടെ മുഖത്ത് നോക്കിയാണ് അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നതെന്നും ഹരീഷ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
നവോത്ഥാനം എന്ന പദം ഉച്ചരിക്കാനുള്ള യോഗ്യത പോലും ഈ പ്രസ്താവന കൊണ്ട് മുഖ്യമന്ത്രി നഷ്ടമാക്കിയെന്നും നടന്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് പൂര്‍ണ്ണ രൂപം
ചെത്ത്കാരന്‍ കോരന്റെ മകനെ എന്ന് നിങ്ങളെ ജാതിയമായി അധിക്ഷേപിച്ചപ്പോള്‍ കൂടെ നിന്നവരാണ് ഈ കേരളത്തിലെ അരിയാഹാരം കഴിക്കുന്ന മനുഷ്യര്‍ ...അതെ മനുഷ്യരുടെ മുഖത്ത് നോക്കിയാണ് K.R.നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ജാതിയമായി അധിക്ഷേപിച്ചവരെ ന്യായികരിക്കുന്ന അടൂരിനെ നിങ്ങള്‍ വിശുദ്ധനാക്കുന്നത്...സത്യത്തില്‍ നിങ്ങള്‍ ദേശാഭിമാനി പോലും വായിക്കാറില്ലെ?..സങ്കടത്തോടെ പറയട്ടെ ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യതയാണ് ഈ പ്രസ്താവനയിലൂടെ നിങ്ങള്‍ നഷ്ടപ്പെടുത്തിയത്..ജാതീയ സലാം.
ദേശാഭിമാനി വാര്‍ഷികാഘോഷ സമാപനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ചത്. 'അടൂര്‍ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലായിരിക്കും. അതിനാലാണ് മലയാള സിനിമയെ സ്വയംവരത്തിന് മുന്‍പും സ്വയംവരത്തിന് ശേഷവും എന്ന് വിഭജിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡായി അടൂര്‍ ഗോപാലകൃഷ്ണന്‍ മാറി. അതിപ്രശസ്തമായ സാഹിത്യകൃതികള്‍ക്ക് ദൃശ്യ ഭാഷ നല്‍കിയത് അടൂരിന്റെ വലിയ സംഭാവനയാണ്'- മുഖ്യമന്ത്രി പറഞ്ഞു.