നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. മലയാള സിനിമ പ്രശംസകള്‍ ഏറ്റുവാങ്ങുന്ന സമയത്ത് നമ്മുടെ സഹപ്രവത്തക ഒരു ദുരനുഭവം നേരിടുമ്പോള്‍ ഒപ്പം നില്‍ക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമെന്ന് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കി. എത്ര സിനിമ നഷ്ടപ്പെട്ടാലും താന്‍ സഹോദരിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു
'മലയാള സിനിമയുടെ മേക്കിങ്ങും കഥയുടെ ശക്തിയും കണ്ട് ലോകം അമ്പരന്ന് നില്‍ക്കുകയാണെന്ന തള്ളും തള്ളിന്റെ തള്ളും സ്വയം ഓസ്‌ക്കാറും പ്രഖ്യാപിക്കുന്ന മലയാള സിനിമാലോകമേ..നമ്മുടെ കൂടെ ജോലി ചെയ്ത ഒരു പെണ്‍കുട്ടിയാണി പറയുന്നത്..കൂടെ നില്‍ക്കാനുള്ള ഒരു സാമാന്യ മര്യാദയെങ്കിലും കാണിക്ക്..എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം..' ഹരീഷ് പേരടി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ അതിജീവിതയുടെ പ്രതികരണം പങ്കുവെച്ചാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.
ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും, അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണെന്നും താരം കുറിച്ചു. എങ്കിലും അവസാനം വരെ തനിക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടി പോരാടുമെന്നും ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ തന്റെ യാത്ര തുടരുക തന്നെ ചെയ്യുമെന്നുമാണ് അതിജീവിത കുറിച്ചത്.