മലയാള ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തും സുവർണ ശോഭയിൽ തിളങ്ങുന്ന പരിപാടിയായ അശ്വമേധം മലയാളികളാരും മറക്കാൻ ഇടയില്ല. ഇതിൽ ഗ്രാൻഡ് മാസ്റ്ററായെത്തിയ ജി.എസ് പ്രദീപിന് മലയാളികളുടെ മനസിൽ ഇടം നേടാൻ സാധിച്ചത് ചുരുങ്ങിയ നാളികൾക്കുള്ളിലാണ്. എന്നാൽ ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും തളരാതെ ഇപ്പോൾ മലയാള സിനിമയുടെ ഭാഗമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ 'ഗ്രാൻഡ് മാസ്റ്റർ' .
സ്വർണമത്സ്യങ്ങൾ എന്ന ചിത്രം സംവിധാനം ചെയ്താണ് പ്രദീപ് സിനിമയിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ മമ്മൂട്ടിയെ കുറിച്ച് പ്രദീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മെഗാ സ്റ്റാറിന്റെ ആരാധകർ നെഞ്ചേറ്റിയിരിക്കുന്നത്.
മമ്മൂട്ടിയെ കുറിച്ച് പ്രദീപിന്റെ വാക്കുകൾ
എപ്പോഴും തന്റെ കോട്ടിന് ഇടതുഭാഗത്ത് നെഞ്ചോട് ചേർത്ത് ഒരു കുതിരയുടെ രൂപം കുത്തി വച്ചിട്ടുണ്ട്. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും എന്ത് പ്രതിസന്ധിയുണ്ടായിട്ടും താൻ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്ത ഒന്നാണത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങൾ പൂർത്തിയാക്കിയപ്പോൾ കൈരളി ടിവിയുടെ ചെയർമാനായ എന്റെ, ലോകത്തിനറെ മമ്മൂക്ക എനിക്ക് നെഞ്ചിൽ കുത്തിത്തന്നതാണ് ഈ കുതിരയെ. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്താറുണ്ട്. ഇത് ധരിക്കുമ്പോൾ മനസുകൊണ്ടോ പ്രവർത്തികൊണ്ടോ തെറ്റ് ചെയ്യരുതെന്ന് ഓർമപ്പെടുത്തലാണ്.
സിനിമയുടെ ഓഡിയോ ലോഞ്ച് നിർവഹിക്കാനെത്തിയ മമ്മൂട്ടിയെ വേദിയിലിരുത്തിയായിരുന്നു പ്രദീപിന്റെ വാക്കുകൾ. ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് സ്‌കൂൾ കലോത്സവ താരങ്ങളായ തൃശ്ശൂർ സ്വദേശിനി ജെസ്മിയ, കണ്ണൂർ സ്വദേശി വിനിൽ ഫൈസൽ എന്നിവരാണ്. ബിജിപാൽ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, സുധീർ കരമനെ എന്നിവരും വേഷമിടുന്നുണ്ട്.