നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ യുവ സംരംഭകരുടെ പരാതി. ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം വഞ്ചിച്ചെന്ന ആരോപണവുമായി ആലപ്പുഴയിലെ സംരംഭകരാണ് രംഗത്തെത്തിയിരിക്കുന്നത്. നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംരംഭകര്‍.
ആലപ്പുഴ തിരുവമ്പാടിയില്‍ ആരംഭിക്കുന്ന ഫൂട്ട് ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിനാണ് നടന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ആറ് ലക്ഷം രൂപയായിരുന്നു ശ്രീനാഥ് പ്രതിഫലമായി ആവശ്യപ്പെട്ടത്. മുന്‍കൂറായി നാല് ലക്ഷം നല്‍കുകയും ചടങ്ങിന് ശേഷം ബാക്കി തുക നല്‍കാം എന്നുമായിരുന്നു കരാര്‍. ശ്രീനാഥന്റെ കൂടി സൗകര്യം പരിഗണിച്ച് ജൂലൈ 14 നായിരുന്നു ഉദ്ഘാടനം തീരുമാനിച്ചത്. എന്നാല്‍ അന്നേദിവസം എത്താന്‍ അസൗകര്യം അറിയിച്ചിരുന്നതിനാല്‍ ഉദ്ഘാടനം ഇന്നത്തേയ്ക്ക് മാറ്റി. ഇതനുസരിച്ച് വീണ്ടും പരസ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ശ്രീനാഥ് ഭാസി വീണ്ടും വാക്ക് തെറ്റിച്ചു എന്നാണ് സംരംഭകരുടെ ആക്ഷേപം.
ഇനിയുള്ള ചടങ്ങിന് ശ്രീനാഥിനെ വിളിക്കേണ്ടെന്നും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഉദ്ഘാടനം നടത്താനുമാണ് സംരംഭകരുടെ തീരുമാനം. ശേഷം നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
അതേസമയം, പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്. ജൂലൈ 15 ന് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.