ബിഗ് ബോസിന് പുതിയ കുരുക്ക്. ഷോയ്ക്കിടെ റോക്കി മറ്റൊരു മത്സരാർത്ഥിയെ മർദ്ദിച്ചത് വിവദാമായിരുന്നു. ഇതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. അന്വേഷണത്തിന് കേന്ദ്ര സർക്കാരിന് ശുപാർശയും നൽകി. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ 6 നെതിരെ പരാതിയുമായി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ: രാജീവ് മേനോനും രംഗത്തു വന്നു.
പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഉന്നയിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ബി. ആർ. അംബേദ്കർ സ്ഥാപിതമാക്കിയ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ: രാജീവ് മേനോൻ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഏഷ്യാനെറ്റിനും ബിഗ്ബോസ് ഷോയ്ക്കും മോഹൻലാലിനുമെതിരെയാണ് ഡോ: രാജീവ് മേനോൻ പരാതി നൽകാൻ തീരുമാനിച്ചിട്ടുള്ളത്. നിരവധി വിമർശനങ്ങളാണ് സീസൺ 6 നെതിരെ പുറത്തുവരുന്നത്.
ബിഗ് ബോസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയുമായി കൊച്ചിയിലെ ഒരു അഭിഭാഷകൻ രംഗത്ത് വന്നത് ബിഗ് ബോസിന് തലവേദനയാണ്. അതേ ആവശ്യം ഉന്നയിച്ചാണ് ഡോ.രാജീവ്മേനോനും സുപ്രീംകോടതിയെ സമീപിക്കുന്നത്. ബിഗ്ബോസ് സീസൺ 6 അരോചകം ആയി അനുഭവപ്പെട്ടുവെന്നും ഒരു മത്സരാർത്ഥി മറ്റൊരു മത്സരാർത്ഥിയെ ഇടിച്ചുപരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ കുട്ടികളടക്കം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഒരിക്കലും ഇതുപോലൊരു ഷോ സംപ്രേഷണം ചെയ്യാൻ അനുവദിക്കാൻ പാടില്ലെന്നും ഡോ.രാജീവ്മേനോൻ പറഞ്ഞു.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ്ബോസ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നതെന്നും ഡോ. രാജീവ് മേനോൻ കൂട്ടിച്ചേർത്തു. അടിയന്തരമായി പരിപാടി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഡോ.രാജീവ്മേനോൻ പരാതി നൽകുന്നത്. കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് കാണാൻ പറ്റാത്ത രീതിയിലുള്ള ഒരു ഷോ ആയി മാറിയിരിക്കുകയാണ് ബിഗ്ബോസ് സീസൺ 6 എന്നും അസഭ്യവാക്കുകളും ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ.രാജീവ്മേനോൻ കേസ് ഫയൽ ചെയ്യുന്നത്. അടുത്ത ദിവസം കേസ് ഫയൽ ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ആർ.സി രാജീവ്, സംസ്ഥാന ട്രഷറർ ഷരീഫ് ബാബു എന്നിവരുമായി ഡൽഹിയിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഡോ.രാജീവ്മേനോൻ തീരുമാനിച്ചത്.
ബിഗ്‌ബോസ് റിയാലിറ്റി ഷോ പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാാണ് ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദ്ദേശം. ചട്ട ലംഘനമുണ്ടെങ്കിൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാമെന്നും കോടതി വിശദീകരിച്ചു. ഇതിനിടെയാണ് സുപ്രീംകോടതിയിലേക്കും വിഷയം എത്തുന്നത്. കേരളാ ഹൈക്കോടതിയിലെ ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവി, ഏഷ്യാനെറ്റ് ചാനലധികൃതർ, അവതാരകൻ മോഹൻലാൽ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ഹർജി കോടതി മെയ് 20 ന് വീണ്ടും പരിഗണിക്കും.
ബിഗ്‌ബോസ് പരിപാടിയിൽ ശാരീരിക അതിക്രമം ഉൾപ്പെടെ നടക്കുന്നുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. സംപ്രേഷണ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരിപാടിയുടെ നടത്തിപ്പെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.