ജയസൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് തൃശൂര്‍ പൂരം. ഇപ്പോള്‍ തീയേറ്ററുകളില്‍ മികച്ച പ്രദര്‍ശനം തുടരുന്ന സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്.
അതിസാഹസികമായ രംഗങ്ങളില്‍ പോലും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ജയസൂര്യ അഭിനയിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ കാണാം. കൂടാതെ, ഫൈറ്റ് രംഗങ്ങള്‍ കഴിയുമ്പോള്‍ നിലത്തു വീണു കിടക്കുന്നവരെ എഴുന്നേല്‍പ്പിക്കുകയും ഓരോരുത്തരുടെയും അടുത്ത് ചെന്ന് അവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്നു അന്വേഷിക്കുന്നതും കാണാം. ചിത്രത്തില്‍ മാസ് ലുക്കില്‍ എത്തിയിരിക്കുന്ന ജയസൂര്യയുടെ സാന്നിധ്യവും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തെ ഗംഭീരമാക്കുന്നത്.
ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'തൃശൂര്‍ പൂരം' സിനിമ രാജേഷ് മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വാതി റെഡ്ഡിയാണ് നായിക. ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ചിത്രത്തില്‍ വിജയ് ബാബു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുദേവ് നായര്‍ ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
കാക്ക കാക്ക, ഗജിനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശൂര്‍ പൂരം. തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ടു തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാണ് തൃശ്ശൂര്‍ പൂരം.