പിതാമകന് ഉള്‍പ്പടെ തമിഴില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച വി.എ ദുരൈയുടെ അവസ്ഥ ദുരിതത്തില്‍.തമിഴില്‍ ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ നിര്‍മാതാവാണ് വി.എ. ദുരൈ. അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയിലാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പുറം ലോകം അറിയുന്നത്. രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് വീഡിയോയില്‍ അദ്ദേഹം പറഞ്ഞത്. വീഡിയോ പുറത്ത് വന്നതോടെ ദുരൈക്ക് സാമ്പത്തികസഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് സൂര്യ.
വളരെ മോശം ജീവിതസാഹചര്യങ്ങളിലൂടെയാണ് ദുരൈയുടെ ജീവിതം കടന്നുപോയിക്കൊണ്ടിരുന്നത്. സ്വന്തം കിടപ്പാടം പോലും നഷ്ടമായ അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. കാലില്‍ പറ്റിയ മുറിവും അദ്ദേഹത്തെ തളര്‍ത്തി. ദുരൈയുടെ ഇപ്പോഴത്തെ അവസ്ഥ സുഹൃത്താണ് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്.
്.രണ്ട് ലക്ഷം രൂപയാണ് സൂര്യ ദുരൈയുടെ ചികിത്സയ്ക്കായി നല്‍കിയത്. കൂടാതെ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ സഹായം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
സൂര്യ ഒരു പ്രധാന വേഷത്തിലെത്തിയ പിതാമകന്റെ നിര്‍മാതാവാണ് ദുരൈ.
സൂര്യ, വിക്രം എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പിതാമകന് ഭാഷാവ്യത്യാസമില്ലാതതെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നടന് വിക്രമിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. പിതാമകന്റെ വിജയത്തെ തുടര്‍ന്ന് മറ്റൊരു ചിത്രം നിര്‍മിക്കാനായി സംവിധായകന് ബാലയെ ദുരൈ സമീപിച്ചിരുന്നു. 25 ലക്ഷം അഡ്വാന്‍സായി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം നടന്നില്ല. ഈ പണം ബാല തിരികെ നല്‍കിയതുമില്ല. 2022-ല്‍ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസില്‍ ചെന്ന് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.
നിര്‍മാതാവ് എ.എം രത്നത്തിന്റെ സഹായിയായിരുന്നു മുമ്പ് ഇദ്ദേഹം രജനികാന്തിന്റെ ബാബ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പിന്നണിയില്‍ ദുരൈ ഉണ്ടായിരുന്നു.പിന്നീട് എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി തുടങ്ങുകയായിരുന്നു. ഈ കമ്പനിയുടെ ബാനറില്‍ എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകന്, ഗജേന്ദ്രാ, നായ്ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയത്.