സോഷ്യല്‍ മീഡിയ എല്ലായ്‌പ്പോഴും ആഘോഷിക്കുന്ന താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിനും അഹാനയ്ക്കും ദിയയ്ക്കും ഇഷാനിക്കും ഹന്‍സികയ്ക്കും പതിനായിരിക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയിലുളളത്. പലപ്പോഴും ഇവര്‍ സോഷ്യല്‍ ഓഡിറ്റിംഗിനും വിധേയമാകാറുണ്ട്.
മക്കളെല്ലാം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നതിന്റെ പേരില്‍ നടനും ഏറെ വിമര്‍ശനം നേരിടാറുണ്ട്. അച്ഛനെന്ന നിലയില്‍ കൃഷ്ണ കുമാര്‍ നിയന്ത്രണം വെക്കാത്തത് കൊണ്ടാണ് ഇതൊക്കെയെന്നാണ് ആരോപണം, ഇപ്പോള്‍ ഇതിനെക്കുറിച്ചു തുറന്നുപറയുകയാണ് നടന്‍ കൃഷ്ണകുമാര്‍.പുറത്ത് കാണുന്നത് പോലൊരു കൂളായ അച്ഛനൊന്നും ആയിരുന്നില്ല ഞാന്‍, കൃഷ്ണകുമാര്‍ പറയുന്നു.
എല്ലാവര്‍ക്കും ഞാന്‍ നല്ല വഴക്കൊക്കെ കൊടുത്തിരുന്നു ,എന്നാല്‍ മക്കള്‍ വളര്‍ന്ന് കഴിയുമ്പോള്‍ എന്നെക്കാളും അവര്‍ അറിവുള്ളവരായി. പിന്നെ ഓരോ തലമുറ കഴിയുമ്പോഴും പുതിയ തലമുറയെ കുറ്റപ്പെടുത്തും. ഇത് ഞങ്ങളുടെ തലമുറയിലും കേട്ട കാര്യങ്ങള്‍ തന്നെയാണ്. ഇപ്പോഴത്തെ കുട്ടികളൊക്കെ വഴിപ്പിഴച്ചതാണെന്നാണ് പറയുന്നത്. എന്റെ മക്കള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാന്‍ പോകുന്നു, പെണ്‍കുട്ടികളുടെ പോകുന്നു. ഒരു നിയന്ത്രണവും ഇല്ലാതെ കണ്ടവരുടെ കൂടെ പോവുകയാണെന്ന് പറയുന്നു.
ഇപ്പോള്‍ എന്റെ ഈ പ്രായത്തിലും പെണ്‍കുട്ടികളുടെ കൂടെ പോകാനൊക്കെ ആഗ്രഹം ഉണ്ടാവുമായിരുന്നു. അന്ന് ഞങ്ങള്‍ എവിടേലും കറങ്ങാന്‍ പോയാല്‍ പച്ചക്കള്ളം വീട്ടില്‍ വന്ന് പറയും. ഇപ്പോഴത്തെ കുട്ടികള്‍ കള്ളം പറയുന്നില്ല എന്നതാണ് വ്യത്യാസം. എന്നാലും കുട്ടികളോട് മൂല്യങ്ങള്‍ മനസിലാക്കുകയും, ബഹുമാനിക്കണമെന്നും താന്‍ പറയാറുണ്ട്. പിന്നെ കൊടുക്കുന്നതേ തിരിച്ച് വരികയുള്ളു. എന്തും അമിതമായി ഉപയോഗിച്ചാല്‍ ദോഷമാണ്. സോഷ്യല്‍ മീഡിയ അടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ദോഷകരം തന്നെയാണ് നടന്‍ പറഞ്ഞു.
ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്ന ദിയ കൃഷ്ണയുടെ കച്ചവടം തകര്‍ക്കാന്‍ ഇടയ്ക്ക് ശ്രമം നടന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. '' ദിയയ്ക്ക് ഇടയ്ക്ക് ചെറിയൊരു തട്ട് കിട്ടി. അവളുടെ ബിസിനസ്സ് തകര്‍ക്കാന്‍ ഒരു ശ്രമം ഉണ്ടായി. സോഷ്യല്‍ മീഡിയ എന്നത് ഇരുതല മൂര്‍ച്ചയുളള വാള്‍ പോലെയാണ്. ചില യൂട്യൂബര്‍മാരെ വാടകയ്ക്ക് എടുത്ത് ദിയയെ കരിതേച്ച് കാണിക്കാനുളള ശ്രമം നടന്നു. അവിടെ താന്‍ ഇടപെട്ടു. അതുവരെ താന്‍ ഇടപെടില്ലായിരുന്നു. നോക്കുമ്പോള്‍ അതിക്രൂരമായ ക്രിമിനല്‍ ആക്ടിവിറ്റി നടക്കുന്നു. അതോടെ ഇടപെട്ടു. എവിടെ പരാതി കൊടുക്കണോ ആരോട് സംസാരിക്കണമോ സംസാരിക്കും.
എന്റെ മക്കളെ ഞാന്‍ സംരക്ഷിക്കും, കൂടെ നില്‍ക്കും. അതില്‍ ശരിയോ തെറ്റോ ഒന്നും നോക്കില്ല. അതെന്റെ രീതിയാണ്. ഒരിക്കല്‍ മകളുടെ വണ്ടി ഇടിച്ചു. മറ്റെയാളാണ് ഇടിച്ചത്. ആ പയ്യന്‍ നല്ല പയ്യനായിരുന്നു. മകള്‍ കുറച്ച് പേടിച്ചുപോയി. ഇടിച്ച് കുറച്ച് നിരക്കിക്കൊണ്ട് പോയി. ആ പയ്യന്റെ മാതാപിതാക്കളെ വിളിച്ച് വണ്ടി നന്നാക്കാനുളളതും ചികിത്സയുടേയും പണം കൊടുത്തു. അവര്‍ വേണ്ട എന്നൊക്കെ പറഞ്ഞു. എന്നാല്‍ നമുക്കൊരു മനസ്സമാധാനം ഉണ്ട്
സിനിമയിലേക്ക് പോകുമ്പോള്‍ മക്കള്‍ക്ക് ഉപദേശം കൊടുക്കാറില്ല. കാരണം ഞാന്‍ കണ്ട സിനിമ അല്ല ഇന്നത്തെ സിനിമ. മൊത്തത്തില്‍ മാറിക്കഴിഞ്ഞു. തന്റെ അനുഭവം അല്ല ഇന്നത്തെ ആളുകള്‍ക്ക് ഉണ്ടാകുന്നത്. തന്റെ അനുഭവങ്ങളെ കുറിച്ച് മക്കള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. അവര്‍ അതൊക്കെ കണ്ട് വളര്‍ന്നതാണ്. നന്നായി പെരുമാറാന്‍ പറയും. ബാക്കിയൊക്കെ നടന്നോളും. പേരും പണവുമൊക്കെ അങ്ങ് വരുന്നതാണ്. ഇവരുടെ കഴിവ് കൊണ്ടല്ല. നിങ്ങള്‍ക്ക് വരുന്ന പണം നിങ്ങളുടെ കഴിവ് കൊണ്ടാണ് എന്നൊരു തോന്നല്‍ വേണ്ട എന്നാണ് മക്കളോട് പറയാനുളളത്.
അഹാദിഷിക എന്ന പേരില്‍ ഒരു ജീവകാരുണ്യ സ്ഥാപനമുണ്ട്. മക്കളും താനും ഭാര്യയും ലഭിക്കുന്ന വരുമാനത്തില്‍ ഒരു ഭാഗം ഇതിലേക്ക് മാറ്റി വെക്കുന്നു. കുറേ ആളുകള്‍ക്ക് ടോയ്ലറ്റ് ഒക്കെ നിര്‍മ്മിച്ച് കൊടുത്തിട്ടുണ്ട്'
നോ പറയുന്നിടത്ത് നോ പറയുന്നത് സിനിമയില്‍ അവസരം നഷ്ടപ്പെടാന്‍ കാരണമാകുമോ എന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ: അങ്ങനെ പറഞ്ഞാല്‍ സിനിമാ മേഖലയില്‍ വലിയ കുഴപ്പമാണെന്ന് വിചാരിക്കും. മേഖലയ്ക്ക് കുഴപ്പമില്ല. ഏതാനും വ്യക്തികളുടെ പ്രശ്നമാണ്. എല്ലാ ആണുങ്ങളും അങ്ങനെ ആകണം എന്നില്ല. വളരെ ചുരുക്കം പേരാണ് സ്ത്രീകളെ മറ്റൊരു കണ്ണിലൂടെ കാണുന്നത്. ആരോട് എന്ത് വേണം എന്ന് നമ്മള്‍ ആലോചിക്കണം. പരസ്പര സമ്മതത്തോടെ രണ്ട് പേര്‍ അടുക്കുന്നതും ബന്ധപ്പെടുന്നതിലും ഒരു വിരോധവും ഇല്ല. അത് എന്റെ മക്കളായാലും ഭാര്യ ആയാലും വിഷയമല്ല. ബലപ്രയോഗത്തിലൂടെയും ചതിയിലൂടെയും ഉളളതിന് ശക്തമായ ശിക്ഷ കൊടുക്കണം. അല്ലാത്തതെല്ലാം, രണ്ട് പേര്‍ ഇഷ്ടപ്പടുന്നു അവര്‍ എവിടെ പോകുന്നു എന്നതൊന്നും എന്റെ വിഷയമല്ല. സമൂഹത്തിന്റെയും വിഷയം അല്ല.
അപ്പോള്‍ നമ്മള്‍ സംസ്‌ക്കാരത്തെ കുറിച്ച് പറയും. കുറേയധികം സംസ്‌ക്കാരത്തെ കുറിച്ച് സംസാരിക്കുന്നവര്‍ കുഴപ്പക്കാരാണ് എന്ന് തോന്നാറുണ്ട്. ഒരു പെണ്‍കുട്ടി തുണി ഇല്ലാതെ നടന്ന് പോയാലും തൊടാനുളള അധികാരം ഇല്ല. ഒരാള്‍ എങ്ങനെ നടക്കണം എന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ടോ. ആണുങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ക്ക് ചികിത്സ കൊടുക്കണം. ഞരമ്പുകളുടെ കുഴപ്പമാണ്. ചികിത്സയാണ് ആവശ്യം, ഭയമില്ലാത്തതാണ് പ്രശ്നം.
ശിക്ഷ കടുപ്പമാക്കണം, കൃഷ്ണകുമാര്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളും പയ്യന്മാരും ഒരു ഫ്ളാറ്റിലെങ്ങാന്‍ കൂടിക്കഴിഞ്ഞാല്‍ ഇവിടെ പലര്‍ക്കും ഭൂമി ഇളകുന്നത് പോലെയാണ്. നിങ്ങള്‍ക്ക് ശല്യമില്ലല്ലോ പിന്നെന്താണ്. അവരെന്തുമായിക്കോട്ടേ. അപ്പോള്‍ അവര്‍ പറയും നിങ്ങളുടെ മക്കളാണെങ്കിലോ എന്ന്. ഞാന്‍ പറയും, എന്റെ മക്കള്‍ പോകുമായിരിക്കും. പോയാല്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ ആരുടെ കൂടെ പോകുന്നു എന്ത് ചെയ്യുന്നു അത് അവരുടെ ഇഷ്ടമാണ്. പ്രായപൂര്‍ത്തിയായവരാണ്. അവരുടെ സ്വാതന്ത്ര്യമാണ്. ഇന്നിന്ന കാര്യങ്ങളുണ്ടെന്ന് നമ്മള്‍ പറഞ്ഞ് കൊടുക്കും, കൃഷ്ണകുമാര്‍ പറഞ്ഞു.