മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ നായികയായി മലയാളത്തില്‍ തിളങ്ങിയ അന്യഭാഷാതാരം പൂനം ബജ്‌വ തന്റെ പ്രണയം വെളിപ്പെടുത്തി രംഗത്ത്. ചിത്രങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് തന്റെ കാമുകനെയും പൂനം പരിചയപ്പെടുത്തി. സുനീല്‍ റെഡ്ഡിയാണ് പൂനത്തിന്റെ കാമുകന്‍. സുനീലിന്റെ പിറന്നാള്‍ ദിനത്തിലാണ് തന്റെ പ്രണയം പ്രേക്ഷകരോടായി നടി തുറന്നുപറഞ്ഞത്. പിറന്നാള്‍ ആശംസയ്ക്കൊപ്പം ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും പൂനം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെയും കാമുകന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ജന്മദിനാശംസകള്‍ സുനീല്‍. എന്റെ പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ.'-ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചു.
പഞ്ചാബി കുടുംബത്തിലാണ് ജനിച്ചതെങ്കിലും നിരവധി ചിത്രങ്ങളിലൂടെ പൂനം മലയാളികള്‍ക്കും സുപരിചിതയാണ്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗണ്‍, മാന്ത്രികന്‍, പെരുച്ചാഴി, ശിക്കാരി, മാസ്റ്റര്‍പീസ് എന്നിവയാണ് പൂനം ബജ്വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങള്‍.
1989 ഏപ്രില്‍ 5-ന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തില്‍ നാവികസേനാ ഉദ്യോഗസ്ഥനായ അമര്‍ജിത്ത് സിംഗിന്റെയും ദീപികാ സിംഗിന്റെയും മകളായാണ് പൂനം ബജ്വയുടെ ജനനം. പഠനത്തോടൊപ്പം മോഡലിംഗും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2005-ലെ മിസ് പൂനെ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുവാന്‍ പൂനത്തിന് അവസരം ലഭിക്കുന്നത്. അതില്‍ വിജയിച്ചതിനു ശേഷവും മോഡലിംഗ് രംഗത്തു തുടരുവാനായിരുന്നു പൂനത്തിന്റെ താല്പര്യം. ഒരു റാംപ് ഷോയില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെത്തിയ പൂനം അവിടെ വച്ച് മൊടതി എന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെട്ടു. ചലച്ചിത്രത്തില്‍ അഭിനയിക്കുവാന്‍ താല്പര്യമുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയായിരുന്ന സമയമായതിനാലും കോളേജില്‍ ചേരുന്നതിനായി അഞ്ചു മാസത്തെ ഇടവേള ഉണ്ടായിരുന്നതിനാലും ചലച്ചിത്രത്തില്‍ അഭിനയിക്കുവാനുള്ള ക്ഷണം പൂനം സ്വീകരിക്കുകയായിരുന്നു. പിന്നീടാണ് നിരവധി മലയാളചിത്രങ്ങളില്‍ താരം അഭിനയിച്ചത്.