സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ ആളാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്ജെന്റേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായി രഞ്ജുവിനായി സെലിബ്രിറ്റികളായ ആള്‍ക്കാര്‍ ക്യു നില്‍ക്കുകയാണ്. രഞ്ജു തൊട്ടാല്‍ ആരും സുന്ദരിയായി മാറുമെന്നതിനാലാണ് ഇത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ദിലീപ് നായകനായി അഭിനയിച്ച ചിത്രമായ ചാന്ത്‌പൊട്ടിനെ കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍ ഇങ്ങനെ,
സിനിമ റിലീസിനെത്തിയ ശേഷം ആ പേരില്‍ ഒത്തിരി പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നു. പൊതുവേ കുറച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന സമയത്താണ് അതായത് ബസില്‍ യാത്ര ചെയ്യാന്‍ പറ്റില്ല, ട്രെയിനില്‍ പോകാന്‍ പറ്റില്ല, പൊതുസ്ഥലങ്ങളിലോ ഉത്സവപറമ്പിലോ പോയി നില്‍ക്കാനും പറ്റില്ല അങ്ങനെ ഇരിക്കുമ്പോഴാണ് ദിലീപിന്റെ ചിത്രം ചാന്തുപൊട്ട് വരുന്നത്. അത് ശരിക്കും പറഞ്ഞാല്‍ ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ച അവസ്ഥയായി.
2005 ല്‍ ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ഇടയില്‍ വന്ന് ഒരു ബോധവത്കരണം നടത്തി സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നു, ഈ കഥാപാത്രം ബെന്നി പി നായരമ്പലത്തിന്റെ മനസില്‍ വിരിഞ്ഞതോ അല്ലെങ്കില്‍ അദ്ദേഹം കണ്ടിട്ടുള്ളതുമായ ഏതെങ്കിലും വ്യക്തി ആവാമെന്നും അതിലേക്ക് ഞാന്‍ കൈ കടത്തുന്നില്ല.
എങ്കിലും സിനിമയിലെ പല ഡയലോഗുകളും ഞങ്ങളെ ഒത്തിരി വേദനിപ്പിച്ചു, അതൊരു പേരായി അലങ്കരിച്ച് കൊണ്ട് നടക്കേണ്ടി വന്നു. പലയിടങ്ങളിലും വെച്ച് കരയേണ്ടി വന്നിട്ടുണ്ട്. പിന്നെ അതിനെല്ലാം മറുപടി പറയാവുന്ന രീതിയില്‍ പുറത്തിറങ്ങിയ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. തിയേറ്ററില്‍ പോയിരുന്ന് അതേ ഞാനൊരു ട്രാന്‍സ് വുമണ്‍ ആണെന്ന് അഭിമാനത്തോടെ പറയാന്‍ പറ്റിയ സിനിമയായിരുന്നു അത്.