മലയാളം സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.
കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ വാഹനത്തിന്റെ മുന്‍ ഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന് സാരമായ പരിക്കില്ലെന്നാണ് ആശുപത്രയില്‍ നിന്നും ലഭിക്കുന്ന വിവരം.
നടന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് ജോയ് മാത്യു. ഇരുപതിലേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്തിട്ടുണ്ട് ജോയ് മാത്യു. ഇതില്‍ അതിര്‍ത്തികള്‍, സങ്കടല്‍ എന്നിവ പ്രസിദ്ധമാണ്. നാടക രചനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ ലഭിച്ചു.
ജോണ്‍ അബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാന്‍ എന്ന സിനിമയില്‍ നായക വേഷം അവതരിപ്പിച്ചത് ജോയ് മാത്യുവാണ്. തുടര്‍ന്ന് സിനിമയിലും അദ്ദേഹം സജീവമായി. മുഖം നോക്കാതെ രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന സിനിമനടന്‍ കൂടിയാണ് അദ്ദേഹം