തെന്നിന്ത്യന്‍ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരും തമിഴ് നടന്‍ ജീവയും തമ്മില്‍ വാക്കേറ്റം. തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു. തമിഴ്‌നാട് തേനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍. മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് നടന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളില്‍ വേണ്ടതെന്നും ജീവ ചൂണ്ടിക്കാട്ടി. പല ഇന്റസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു.
അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റില്‍ കാരവനില്‍ ഒളിക്യാമറ വെച്ചതായും നടിമാരുടെ നഗ്ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും ചെയ്തത് താന്‍ കണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്.
തേനിയിലെ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ നല്ലൊരു പരിപാടിക്ക് വന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ മറുപടി നല്‍കിയത്.
വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരുമായി തര്‍ക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.
രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് തമിഴ്നാട്ടില്‍ തുടക്കമിട്ടിരിക്കുന്നത്. അതേസമയം, രാധികയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തിലും ചര്‍ച്ചയാവുകയാണ്. നടിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരിക്കുകയാണ് അന്വേഷണ സംഘം. തമിഴ് സിനിമയില്‍ ഹേമ കമ്മിറ്റി പോലെയുള്ള നീക്കം വേണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
മലയാള സിനിമാ ലൊക്കേഷനിലെ കാരവനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും നടുക്കത്തോടെയാണ് രാധികാ ശരത് കുമാര്‍ ഒരു ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയത്. വാര്‍ത്ത കണ്ടയുടന്‍ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം, രാധിക ശരത്കുമാര്‍ വെളിപ്പെടുത്തിയ മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവം ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം രാധികയുടെ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് മൊബൈലില്‍ നടിമാരുടെ നഗ്നദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നുമാണ് രാധിക പറഞ്ഞത്.
അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുകയാണ്. മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാര്‍മ്മിള രംഗത്തെത്തി. അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസര്‍ മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാര്‍മ്മിള ട്വന്റിഫോറിനോട് പറഞ്ഞു. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവര്‍മാര്‍ ആണെന്ന് ചാര്‍മ്മിള പറഞ്ഞു.
പൊലിസ് എത്തി പ്രൊഡ്യൂസര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംവിധായകന്‍ ഹരിഹരനെതിരെയും ചാര്‍മിള വെളിപ്പെടുത്തല്‍ നടത്തി. നടന്‍ വിഷ്ണുവിനോട് താന്‍ വരുമോ എന്ന് ഹരിഹരന്‍ ചോദിച്ചെന്ന് ചാര്‍മ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ തനിക്ക് പരിണയം സിനിമയില്‍ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു. മലയാളം സിനിമ മേഖലയില്‍ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണതയാണെന്ന് ചാര്‍മ്മിള ആരോപിച്ചു