ഋത്വിക് റോഷന്‍ നായകനായി 2000-ല്‍ പുറത്തിറങ്ങിയ ഫിസ എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലടക്കം ശ്രദ്ധേയയായ താരമായ ഇഷ കോപ്പികറിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിനിമാ ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ കരിയറില്‍ ഉണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ചാണ് ഇഷ പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
കുറച്ചു വര്‍ഷങ്ങളായി സിനിമാ മേഖലയില്‍ നിന്ന് വിട്ടു നിന്നിരുന്ന ഇഷ തിരിച്ചു വരവിലാണ് കരിയറിന്റെ തുടക്കകാലത്ത് അഭിമുഖീകരിച്ചിരുന്ന പല പ്രശ്‌നങ്ങളെയും കുറിച്ച് തുറന്നു പറഞ്ഞത്. അവഗണന, കാസ്റ്റിങ് കൗച്ച്, ഐറ്റം ഡാന്‍സ് ഗേള്‍ ആയി ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടത്... ഇവയെയൊക്കെ അതിജീവിച്ചാണ് താന്‍ കരിയര്‍ കെട്ടിപ്പടുത്തതെന്ന് അവര്‍ പറയുന്നു.തനിക്കായി പറഞ്ഞുവച്ചിരുന്ന പല വേഷങ്ങളും നഷ്ടപ്പെട്ടു പോയതിനെക്കുറിച്ച് ഇഷ പറയുന്നതിങ്ങനെ :
ഒരു പാട് പ്രാവശ്യം എനിക്കായി പറഞ്ഞു വച്ചിരുന്ന റോളുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആരുടെയെങ്കിലും മകള്‍ക്കോ, കാമുകിക്കോ, പെണ്‍സുഹൃത്തിനോ ഒക്കെയാണ് ആ റോളുകള്‍ കിട്ടിയിട്ടുള്ളത്. സ്വജനപക്ഷപാതംകൊണ്ട് ഒരുപാടവസരങ്ങളെനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്''.അവസരങ്ങള്‍ നഷ്ടപ്പെടുകമാത്രമല്ല കാസ്റ്റിങ് കൗച്ചും തനിക്കുനേരെയുണ്ടായിട്ടുണ്ടെന്ന് ഇഷ പറയുന്നു. ഒരിക്കല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ തനിച്ചു വന്നു കാണാന്‍ തന്നോടാവശ്യപ്പെട്ടെന്നു പറഞ്ഞുകൊണ്ട് ഇഷ വെളിപ്പെടുത്തിയതിങ്ങനെ
എന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത നിര്‍മാതാവ് നടന്മാരുടെ ഗുഡ് ബുക്കില്‍ കയറാനായി നായകനായ നടനെ വിളിക്കണമെന്നു പറഞ്ഞു. അങ്ങനെ വിളിച്ചപ്പോള്‍ അയാളെ നേരില്‍ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ ഞാന്‍ ആരുടെ കൂടെയാണ് വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഡ്രൈവര്‍ക്കൊപ്പമാണ് എന്ന് പറഞ്ഞപ്പോള്‍ ആരെയും കൂടെ കൊണ്ടു വരേണ്ട എന്ന് പറഞ്ഞു. ഞാന്‍ 15-16 വയസുള്ള പെണ്‍കുട്ടി അല്ലല്ലോ. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയാം അതിനാല്‍ നാളെ ഞാന്‍ ഫ്രീ അവില്ല അറിയിക്കാം എന്ന് പറഞ്ഞു. ഉടന്‍ തന്നെ നിര്‍മാതാവിനെ വിളിച്ച് എന്നെ കാസ്റ്റ് ചെയ്തത് എന്റെ കഴിവ് കണ്ടിട്ടാണോ എന്ന് ചോദിച്ചു.'' - ഇഷ പറയുന്നു.
അവസരത്തിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും ഇഷ പറഞ്ഞു. അതിനു ശേഷം ആരും വേഷം നല്‍കാമെന്നു പറഞ്ഞ് ഇക്കാര്യങ്ങള്‍ക്കൊന്നും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഇങ്ങനെയാണ് അവര്‍ ആളുകളെ ഭയപ്പെടുത്തുക. ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അവര്‍ക്കതിനെ ഉള്‍ക്കൊള്ളാനാവില്ല. അതില്‍പ്പിന്നെ എനിക്ക് അയാള്‍ക്കൊപ്പം അഭിനയിക്കേണ്ടി വന്നിട്ടില്ല. പക്ഷേ ഉന്നത നിലയിലുള്ള ചില സെക്രട്ടറിമാര്‍ മോശമായ തരത്തിലൊക്കെ സ്പര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതോടുകൂടി സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഞാന്‍ അഭ്യസിച്ചു തുടങ്ങി''.- ഇഷ പറഞ്ഞവസാനിപ്പിച്ചു