നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംവിധായകൻ ജോസ് തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇടക്കാലത്ത് സുരേഷിന് സിനിമകള്‍ കുറഞ്ഞുവന്നു. അദ്ദേഹം നിര്‍മ്മാതാക്കളില്‍ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയില്‍ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേര്‍ പണം കൊടുക്കാനുണ്ടായിരുന്നു. കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേര്‍ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താന്‍ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടിവന്നത്. സിനിമ കണ്ട് കൈയടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം.