തെലുങ്കിലും തമിഴിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള അനുഷ്ക ഷെട്ടി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ്.
ബാഹുബലി പരമ്പരയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ നടി ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് നിശബ്ദം. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ വച്ച് അനുഷ്ക കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞ വാക്കുകയാണ് ശ്രദ്ധേയമാകുന്നത്.
തെലുങ്ക് സിനിമയില്‍ നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നാണ് അനുഷ്ക പറഞ്ഞത്. തന്നെ അത്തരക്കാരില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്താന്‍ താന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ എന്താണെന്നും അനുഷ്ക പറയുന്നുണ്ട്. ''തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഞാന്‍ എന്നും നേരെ വാ നേരെ പോ എന്ന രീതിക്കാരി ആയിരുന്നു. അതിനാല്‍ എനിക്കത് അനുഭവിക്കേണ്ടി വന്നിട്ടില്ല'' എന്നാണ് അനുഷ്ക പറഞ്ഞത്. തുറന്നടിച്ചത് പോലെ സംസാരിക്കുന്ന തന്റെ രീതി കാരണം തന്നെ ദുരുപയോഗം ചെയ്യാനുള്ള അവസരം ആര്‍ക്കും കിട്ടിയിരുന്നില്ല എന്നും അനുഷ്ക പറയുന്നുണ്ട്. ''ഞാന്‍ എന്നും സ്ട്രെയിറ്റ്ഫോര്‍വേഡ് ആയിരുന്നു. തുറന്ന് സംസാരിച്ചിരുന്നു. എളുപ്പ വഴിയിലൂടെ കിട്ടുന്ന കുറച്ച് കാലത്തെ പ്രശസ്തിയാണോ വേണ്ടത് അതോ ഈ മേഖലയില്‍ ദീര്‍ഘകാലം നിലനില്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് നടിമാരാണ്'' എന്നും അനുഷ്ക ഷെട്ടി പറയുന്നുണ്ട്.
കാസ്റ്റിംഗ് കൗച്ച് എന്നത് തെലുങ്ക് സിനിമയില്‍ മാത്രമല്ല മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ ലോകത്ത് നിലനില്‍ക്കുന്നതാണ്. സിനിമയില്‍ മാത്രമല്ല സീരിയല്‍ രംഗത്തും അത് നടക്കുന്നുണ്ട്. മുന്‍നിര താരങ്ങള്‍ മുതല്‍ തുടക്കക്കാര്‍ വരെ തങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. നടിമാര്‍ക്ക് മാത്രമല്ല, നടന്മാര്ക്കും അത്തരം ദുരനുഭവമുണ്ടായിട്ടുണ്ട്.