തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍ ആയ വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്തെ ഞെട്ടിച്ചിരിക്കുന്നത്. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം മലയാളവും തമിഴും ഉള്‍പെടെയുള്ള സിനിമകള്‍ റിലീസ് ദിവസം തന്നെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന പൈറസി സൈറ്റായ തമിഴ് റോക്കേഴ്‌സുമായി വിശാലിന് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്.
തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് അല്‍പസമയം മുമ്പ് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈ ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം േ്രപാഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുമ്പിലായിരുന്നു മുന്നൂറോളം നിര്‍മ്മാതാക്കള്‍ അടങ്ങുന്ന സംഘം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ ഓഫീസ് പൂട്ടിയിട്ടതോടെ വിശാല്‍ ബലം പ്രയോഗിച്ച് ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. അസോസിയേഷന്റെ പണം ദുരുപയോഗം ചെയ്തു, തമിഴ് റോക്കേഴ്‌സുമായി ഇടപാടുണ്ട്, കേസുകളില്‍ പ്രതിയാണ് എന്നീ ആരോപണങ്ങളാണ് വിശാലിനെതിരെ ഒരു വിഭാഗം ഉന്നയിക്കുന്നത്. നടികര്‍ സംഘം അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങള്‍ ഡിസംബര്‍ 19ന് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാന്‍ വിശാല്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവയ്ക്കുകയായിരുന്നു.
സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ അത് ചോര്‍ത്തി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന പൈറസി സൈറ്റാണ് തമിഴ് റോക്കേഴ്‌സ്. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ഒടിയന്‍ ഉള്‍പെടെയുള്ള ചിത്രങ്ങളും തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു. പുതുതായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ഹൈ ഡെഫനിഷന്‍ പതിപ്പുകളാണ്, റിലീസ് ദിവസമോ തൊട്ടടുത്ത ദിവസമോ തന്നെ ഇവര്‍ തങ്ങളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത്. ഇതിലൂടെ ലക്ഷങ്ങളാണ് ഇവര്‍ സമ്പാദിക്കുന്നത്. ഇവരുമായി വിശാലിന് ബന്ധമുണ്ടെന്ന് ആരോപണം വളരെ ഗൗരവത്തോടെയാണ് പോലീസ് കണക്കിലെടുത്തിരിക്കുന്നത്.