പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഈ മാസം 28ന് റിലീസാകാനുളള തയ്യാറെടുപ്പിലാണ്. പൃഥിരാജിനോടുള്ള സ്‌നേഹം മലയാളികള്‍ക്ക് പൃഥിയുടെ ഭാര്യ സുപ്രിയയോടും മകള്‍ അല്ലിയോടുമുണ്ട്. അല്ലിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ പുറത്തുവരാറുള്ളു. ഇപ്പോള്‍ അല്ലിയും സുപ്രിയയും തൊപ്പിവച്ച് കണ്ണുമറച്ച് നില്‍ക്കുന്ന ചിത്രം വൈറലാകുകയാണ്.
ലൂസിഫറിന്റെ റിലീസുമായി ബന്ധപ്പെട്ടാണ്, കറുപ്പില്‍, വെള്ള നിറത്തില്‍ 'എല്‍' എന്ന അക്ഷരം പ്രിന്റ ് ചെയ്ത തൊപ്പിയണിഞ്ഞ, സുപ്രിയയുടെയും അലംകൃതയുടെയും ചിത്രം പൃഥ്വി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. മുഖം മുഴുവന്‍ വ്യക്തമാക്കാതെ സുപ്രിയയുടെയും അല്ലിയുടെയും കണ്ണും നെറ്റിയും എല്ലാം തൊപ്പിവച്ച് മറഞ്ഞിരിക്കയാണ്. 'മൈ ലീഡിങ് ലേഡീസ്' എന്ന കുറിപ്പോടെയാണ് പൃഥ്വി ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എല്‍ എന്ന അക്ഷരം ലീഡിങ്ങ് ലേഡിസ് എന്നതിന്റെ ചുരുക്കെഴുത്തായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ആദ്യം കരുതിയത്. പിന്നീടാണ് അത് ലൂസിഫര്‍ തൊപ്പിയാണെന്ന് ആരാധകര്‍ക്ക് മനസിലായത്. എന്നാല്‍ ഇതൊന്നുമല്ലാതെ മറ്റൊരു സര്‍പ്രൈസാണ് തൊപ്പിയില്‍ ഉണ്ടായിരുന്നത്. അത് മോഹന്‍ലാലിന്റെയും പൃഥിരാജിന്റെയും ഒപ്പുകളായിരുന്നു. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഇത് ദൃശ്യമാവുകയുള്ളു. ഒരു വശത്ത് മോഹന്‍ലാലിന്റെയും മറുവശത്ത് പൃഥിരാജിന്റെയും ഒപ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇതാകട്ടെ ആരാധകരില്‍ പലരും കണ്ടതുമില്ല.
ഈ തൊപ്പികള്‍ എവിടെ കിട്ടുമെന്ന അന്വേഷണത്തിലാണ് ആരാധകരിപ്പോള്‍. അതേസമയം പൃഥി ഈ ചിത്രം പങ്കുവച്ചതിന് പിന്നാലെ അല്ലി തൊപ്പി ഊരാറെ ഇല്ലെന്ന് പൃഥിരാജിന് സുപ്രിയ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമിലും തൊപ്പികളുടെ മാത്രം ചിത്രങ്ങള്‍ പങ്കുവച്ചു. പൃഥിരാജും സുപ്രിയയും പരസ്പരം കമന്റുകള്‍ ഇടുന്നതും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. ലൂസിഫറിന്റെ ചിത്രം പങ്കുവച്ചപ്പോള്‍ രാജുവേട്ടാ കട്ട വെയിറ്റിങ്ങ് എന്ന് സുപ്രിയ കമന്റിട്ടിരുന്നു. ഞാനും വെയിറ്റിങ്ങാണ് ചേച്ചി എന്നാണ് പൃഥിരാജ് ഇതിന് മറുപടി നല്‍കിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഈ മാസം 28 ന് തിയേറ്ററിലെത്തും.