യൂട്യൂബര്‍ സായ് കൃഷ്ണയ്ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഒന്നിലധികം കുറിപ്പുകളുമായി നര്‍ത്തകിയും കലാകാരിയുമായ കലാമണ്ഡലം സത്യഭാമ. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിക്കുകയും ചിലത് വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സത്യഭാമയുടെ പ്രതികരണം.
സായ് കൃഷ്ണയെ സോഷ്യല്‍ അനിമല്‍ എന്ന് വിശേഷിപ്പിച്ച സത്യഭാമ, അയാള്‍ക്ക് നിരവധി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്നും ആരോപിച്ചു. ഈ മുതുവാഴയുടെ മോന്ത കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും പങ്കുവെച്ച ഒരു കുറിപ്പില്‍ പറയുന്നുണ്ട്. സായി കൃഷ്ണയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സത്യഭാമയുടെ പ്രതികരണം. ഇവന് ഒരു മിഠായി എങ്കിലും ആര്‍ക്കേലും വാങ്ങി കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് കുറിപ്പില്‍ സത്യഭാമ ചോദിക്കുന്നു.
ടോണിയെ പിന്തുണച്ചുകൊണ്ടുള്ള തന്റെ കുറിപ്പുകളില്‍, സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി മറ്റൊരാളെ സഹായിക്കാന്‍ സായ് കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും സത്യഭാമ ചോദിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ കുറിപ്പുകളാണ് സായ് കൃഷ്ണയ്ക്കെതിരെ അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സത്യഭാമ ഇദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ടോണിയെ വ്യക്തിപരമായി അറിയില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിരവധി വിഡിയോകള്‍ കണ്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം പണമെടുത്തു മറ്റൊരാളെ സഹായിക്കുന്ന ഒരാള്‍ക്ക് എത്ര വിമര്‍ശനം വന്നാലും തല താഴ്‌ത്തേണ്ടി വരില്ലെന്ന് സത്യഭാമ പറഞ്ഞു. ഇങ്ങനെയുള്ള മനുഷ്യരെ എന്തിനാണ് ചെളി വാരിയെറിയുന്നതെന്നും, ടോണിയെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു കുറിപ്പില്‍ സായ്ക്കെതിരെ അസഭ്യ വര്‍ഷമാണ് സത്യഭാമ നടത്തുന്നത്.
നേരത്തെ അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സായ് കൃഷ്ണ രം ഗത്തെത്തിയിരുന്നു. അച്ചായന്‍സ് ഗോള്‍ഡ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കേവലം പി.ആര്‍. ഗിമ്മിക്കുകളാണെന്ന ആരോപണവുമായി സായ് കൃഷ്ണ നടത്തിയത്. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട്, താന്‍ പാവപ്പെട്ടവര്‍ക്ക് വെച്ചുനല്‍കിയതാണെന്ന് പറഞ്ഞ് ടോണി വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു ദമ്പതികള്‍ക്ക് ടോണി തന്റെ '40 കട 40 വീട്' പ്രൊജക്റ്റിന്റെ ഭാഗമായി 31-ാമത്തെ വീട് നല്‍കിയെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍, ഈ വീട് യഥാര്‍ത്ഥത്തില്‍ കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ലഭിച്ചതാണെന്ന് മറ്റൊരു യൂട്യൂബറുടെ (രജനീഷ്) വീഡിയോ തെളിവായി നിരത്തി സീക്രട്ട് ഏജന്റ് ആരോപിക്കുന്നു.
നവംബറില്‍ ടോണി പാലുകാച്ചല്‍ നടത്തി താക്കോല്‍ കൈമാറിയ അതേ വീട്ടില്‍, ഡിസംബറില്‍ എത്തിയ രജനീഷ് എന്ന യൂട്യൂബറോട് ആ വീട്ടുടമസ്ഥര്‍ പറഞ്ഞത് ഇത് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് ലൈഫ് മിഷന്‍ വഴി ലഭിച്ച വീടാണെന്നാണ്. പണി പൂര്‍ത്തിയാകാത്ത വീടിന് മുന്നില്‍ വെച്ചാണ് അവര്‍ സര്‍ക്കാരിനോടുള്ള നന്ദി രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇതിന് മുന്‍പേ അച്ചായന്‍ അവിടെയെത്തി താന്‍ നിര്‍മ്മിച്ച വീടാണെന്ന് പറഞ്ഞ് വീഡിയോ ഷൂട്ട് ചെയ്തത് എങ്ങനെയെന്ന് സീക്രട്ട് ഏജന്റ് ചോദിക്കുന്നു. തന്റെ വീഡിയോകളില്‍ താന്‍ ദൈവതുല്യനാണെന്നും തന്നെ ദൈവം അയച്ചതാണെന്നും ടോണി പറയുന്ന ഡയലോഗുകള്‍ തികഞ്ഞ നാടകമാണെന്ന് സീക്രട്ട് ഏജന്റ് പറയുന്നു. കുട്ടികള്‍ക്ക് പണം നല്‍കുന്ന വീഡിയോകളില്‍ പോലും വലിയ തോതിലുള്ള ഡ്രാമയാണ് നടക്കുന്നത്.
പൊതുഖജനാവിലെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ലൈഫ് മിഷന്‍ വീട് സ്വന്തം പേരില്‍ ക്ലെയിം ചെയ്ത ടോണിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നും ലൈഫ് മിഷന്‍ അധികൃതര്‍ ഇത് അന്വേഷിക്കണമെന്നും യൂറ്റൂബര്‍ ആവശ്യപ്പെടുന്നു. ഈ വീഡിയോയ്ക്ക് മറുപടിയായാണ് സത്യഭാമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ,നടി സനേഹ ശ്രീകുമാറിനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരുന്നു. മുന്‍പ് നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്നേഹ പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്‌നേഹയെയും സത്യഭാമ ആക്ഷേപിച്ചിരിക്കുന്നത്.
സ്‌നേഹക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയും വ്യക്തിപരമായും, കുടുംബത്തെയും ഉള്‍പ്പെടെ ആക്ഷേപിച്ചുമാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ സത്യഭാമയുടെ പ്രതികരണം. ''പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയില്‍ വച്ച് ഞാന്‍ കാണും. അന്നു നീ നിന്റെ ഭര്‍ത്താവ് പെണ്ണ് കേസില്‍ പെട്ടതിനേക്കാള്‍ കൂടുതല്‍ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ.''വിഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു അധിക്ഷേപ പോസ്റ്റുമായി സത്യഭാമ വീണ്ടും രംഗത്തെത്തിയിയിരിക്കുന്നത്.