കഴിഞ്ഞ ആഴ്ചയാണ് മലയാളത്തിന്റെ യുവനടന്‍ പൃഥ്വിരാജിന് കോവിഡ് ആണെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചത്. കൊച്ചിയില്‍ പുതിയ സിനിമയായ ജനഗണമനയുടെ ചിത്രീകരണം നടന്നു വരികെയായിരുന്നു നടന് കൊവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിരാജിനൊപ്പം സംവിധായകന്‍ ഡിജോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. പിന്നാലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. സുരാജ് വെഞ്ഞാറമ്മൂടും ഇതിനു പിന്നാലെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് സുരാജ് അറിയിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ക്കിപ്പുറം പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി എന്ന സന്തോഷവാര്‍ത്തയും എത്തിയിരുന്നു. കൊവിഡ് ആന്റിജെന്‍ ടെസ്റ്റിലാണ് നടന്റെ കോവിഡ് ഫലം നെഗറ്റീവായത്. കൊവിഡ് ഫലം നെഗറ്റീവായെങ്കിലും ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രവുമായാണ് താരം എത്തുക. നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസിലാണ് താരം അഭിനയിക്കാന്‍ ഒരുങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് അടുത്ത ആഴ്ച പൃഥ്വിരാജ് എത്തും.
തിരുവനന്തപുരം പശ്ചാത്തലമാക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സാങ്കല്പിക കഥയാണിതെന്നാണ് സംവിധായകന്‍ പറയുന്നത്. ത്രില്ലര്‍ ചിത്രമാണെങ്കിലും ആക്ഷന്‍ സീക്വന്‍സുകളൊന്നുമില്ലാതെയാവും ചിത്രം എത്തുക. ഭൂരിഭാഗവും ഇന്‍ഡോര് രംഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. ലോക്ക് ഡൗണിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്.