ഗാന രചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും അദ്ദേഹം അഞ്ച് പതിറ്റാണ്ടുകള്‍ മലയാള സിനിമ ലോകത്ത് നിറഞ്ഞു നിന്ന ശ്രീകുമാരന്‍ തമ്പി എണ്‍പതിന്റെ നിറവിലാണ്.പി.ഭാസ്‌കരന്‍,വയലാര്‍, ഒ.എന്‍.വി. എന്നിവര്‍ക്ക് പിന്നാലെ ഗാന രചയിതാവായിട്ടായിരുന്നു ശ്രീകുമാരന്‍ തമ്പി മലയാള സിനിമയിലേക്ക് കടന്ന് വന്നത്.എണ്‍പത് വയസ്സിലെത്തി നില്‍ക്കുമ്പോല്‍ തന്റെ സിനിമാ ജീവിതത്തെയും നേരിട്ട അനുഭവങ്ങളെയും കുറിച്ച് പ്രമുഖ സിനിമ വാരികയായ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ അദ്ദേഹം തുറന്നടിക്കുന്നുണ്ട് അഭിമുഖത്തില്‍. താരങ്ങള്‍ സൂപ്പര്‍ താരങ്ങളായപ്പോള്‍ എന്ന തലക്കെട്ടോടെയാണ് മാസിക ഈ പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുന്നത്. മമ്മുട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും അന്തരിച്ച പ്രമുഖ സംവിധായകന്‍ ഐവി ശശി നേരിട്ട ദുരനുഭവങ്ങള്‍, തന്റെ കരിയറിലെ ഇരുവരുടെയും ഇടപെടലുമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
മമ്മുട്ടിയും മോഹന്‍ലാലും സൂപ്പര്‍ താരങ്ങളായതിന് ശേഷമാണ് തനിക്ക് സിനിമയില്‍ പാട്ടില്ലാതായതെന്ന് അദ്ദേഹം ആരോപിക്കുന്നു. 'ഞാന്‍ പ്രശ്മാണെന്നും നമുക്ക് പിള്ളേര്‍ മതിയെന്ന നിലപാടുമാണ് ഇരുവരും സ്വീകരിച്ചത്. എന്റെ പാട്ട് മോശമായിട്ടോ തന്നോട്ട് ദേക്ഷ്യമുണ്ടായിട്ടോ ആയിരുന്നില്ല ഇരുവരും അത്തരത്തില്‍ പെരുമാറിയത്, തങ്ങളെക്കാള്‍ താഴെ നില്‍ക്കുന്നവര്‍ മതിയെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. മുന്നേറ്റം എന്ന സിനിമയിലൂടെ മമ്മുട്ടിയെ നായക പദവിയിലേക്ക് ഉയര്‍ത്തിയതും, വില്ലന്‍ വേഷങ്ങളില്‍ നിന്ന് മോഹന്‍ലാലിനെ പുറത്തുകൊണ്ടുവന്നതും ഞാനായിരുന്നു'. അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച സംവിധായകനായിരുന്ന ഐവി ശശിയെയും പിന്നീട് ഇരുവരും തഴഞ്ഞെന്നും ശ്രീകുമാരന്‍ തമ്പി ആരോപിക്കുന്നു. 'മോഹന്‍ലാലിന്റെ കാള്‍ഷീറ്റിനായി ഐ വി ശശി എട്ടുവര്‍ഷം കാത്തിരുന്നു, എന്നിട്ടും മോഹന്‍ലാല്‍ അവസരം നല്‍കിയില്ല. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ ഇടപെട്ടാണ് ബല്‍റാം V/s താരാദാസ് എന്ന ചിത്രത്തിന് മമ്മുട്ടി സമയം നല്‍കിയത്. എന്നാല്‍ സഹിക്കവയ്യാത്ത മമ്മുട്ടിയുടെ പെരുമാറ്റം കാരണം ഐവി ശശി പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍ പോലും ചിത്രീകരണത്തിന് ഇടയില്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ലിബര്‍ട്ടി ബഷീര്‍ തന്നെയാണ് തന്നോട് പറഞ്ഞത്'. ശ്രീകുമാരന് തമ്പി പറയുന്നു.
'നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന താരങ്ങള്‍ തന്നെ നമ്മളെ ചവിട്ടിത്താഴ്ത്തും, അതാണ് ഐവി ശശിയുടെതുള്‍പ്പെടെയുള്ളവരുടെ അനുഭവം പറയുന്നത്. ഐവി ശശി ഉണ്ടായിരുന്നില്ലെങ്കില്‍ മമ്മുട്ടിയോ മോഹന്‍ലാലോ ഉണ്ടാകുമായിരുന്നില്ല'. ഇനി ഒരിക്കല്‍ കൂടി മോഹന്‍ലാല്‍ എനിക്ക് കാള്‍ഷീറ്റ് തരുമെന്ന് കരുതുന്നില്ല, ഞാന്‍ അന്വേഷിച്ച് പോവുകയുമില്ല കാരണം ഞാന്‍ വളര്‍ന്നത് എന്റെ കഥകളും കവിതകളും സംവിധാന ശൈലികൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.