Latest News

രക്തസമ്മര്‍ദ്ദം കൂടി ചെറിയ സ്ട്രോക്ക് ഉണ്ടായി; തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് അത്യാപത്ത് ഒഴിവായി; ഒരാഴ്ചയോളം  ഐ.സി.യൂവില്‍; ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണവിശ്രമം; ശ്രീകുമാരന്‍ തമ്പിക്ക് സംഭവിച്ചത്

Malayalilife
രക്തസമ്മര്‍ദ്ദം കൂടി ചെറിയ സ്ട്രോക്ക് ഉണ്ടായി; തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് അത്യാപത്ത് ഒഴിവായി; ഒരാഴ്ചയോളം  ഐ.സി.യൂവില്‍; ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണവിശ്രമം; ശ്രീകുമാരന്‍ തമ്പിക്ക് സംഭവിച്ചത്

പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വിവരം പങ്ക് വച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സെപ്റ്റംബര്‍ ഒന്‍പതിന് രക്തസമ്മര്‍ദം കൂടിയതിനാലാണ് ചെറിയ സ്‌ട്രോക്ക് ഉണ്ടായത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. 

ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.പരിപൂര്‍ണ വിശ്രമത്തിലായതിനാല്‍ സഹോദരിയെപ്പോലെ കരുതിയിരുന്ന കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ പോലും ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അറിയാതെ വന്ന അതിഥി

സെപ്റ്റംബര്‍ ഒമ്പതാം തീയതി രക്തസമ്മര്‍ദ്ദം വളരെ കൂടിയതിനാല്‍ എനിക്ക് ഒരു ചെറിയ സ്ട്രോക്ക് ഉണ്ടായി. തക്കസമയത്ത് എന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് അത്യാപത്ത് ഒഴിവായി. ഒരാഴ്ചയോളം കിംസ് ഹെല്‍ത്ത് ഐ.സി.യൂവില്‍ ചികിത്സയില്‍ ആയിരുന്നു. ഇനി ഒരു മാസത്തോളം പരിപൂര്‍ണ്ണവിശ്രമം ആവശ്യമാണ്. എന്നെ രക്ഷിച്ച തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ന്യൂറോളജി വിഭാഗത്തിലെ വിദഗ്ദ്ധരായ ഭിഷഗ്വരന്മാര്‍ക്കും എന്നെ പരിചരിച്ച നഴ്‌സുമാര്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല.

ഞാന്‍ ഐ.സി.യു.വില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ തന്നെ എന്നെ കാണാനെത്തിയ കിംസ് ഹെല്‍ത്തിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ സഹദുള്ളയോടും കടപ്പാടുണ്ട്. കുറെ ദിവസങ്ങളായി ഞാന്‍ എന്റെ മൊബൈല്‍ , ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നില്ല. എനിക്കു വരുന്ന ഫോണ്‍ കാളുകള്‍ക്കും ഓണ ആശംസകള്‍ അടക്കമുള്ള മെസ്സേജ്, മെയില്‍ തുടങ്ങിയവയ്ക്കും മറുപടി ലഭിക്കാതെ സുഹൃത്തുക്കളും ആരാധകരും തെറ്റിദ്ധരിക്കരുതെന്നു കരുതിയാണ് എന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

ഞാന്‍ സഹോദരിയെപോലെ കരുതിയിരുന്ന കവിയൂര്‍ പൊന്നമ്മയുടെ മരണത്തില്‍ പോലും എനിക്ക് ഒന്നും പ്രതികരിക്കാന്‍ സാധിച്ചില്ല. എന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി സഹകരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഈ വിശ്രമം ഇപ്പോള്‍ എനിക്ക് അത്യാവശ്യമാണ്.
 

sreekumaran thampi stroke

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES