ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം കടുവ. ഷോജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വലിയ രീതിയില്‍ വൈറലായിരുന്നു. പിന്നാലെയെത്തിയ രണ്ടാമത്തെ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൃഥ്വിരാജിന്റെ മുഖമുളള പോസ്റ്റര്‍ കണ്ടുമറന്ന പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ലൂസിഫര്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനോട് സമാനമാണ് ചിത്രത്തില്‍ പൃഥ്വിയുടെ ലുക്കെന്നും ചിത്രത്തിന്റെ പോസ്റ്ററിനോട് സമാനമാണ് കടുവയുടെ പുതിയ പോസ്റ്ററെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരക്കഥാകൃത്ത് ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. മാസ്റ്റേഴ്‌സ്, ലണ്ടന്‍ബ്രിഡ്ജ്, ആദം ജോണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിനു വി എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് കടുവ. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ഷാജി കൈലാസ് കുറിച്ചത് കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന്‍ വരുന്നു കടുവ. എന്നും ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു എന്നുമാണ്. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കടുവ എന്ന ചിത്രത്തിനെ കുറിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നിരുന്നു. സുരേഷ് ഗോപി നായകനാകുന്ന ഇരുനൂറ്റിയമ്പതാം സിനിമയായ കടുവക്കുന്നേല്‍ കുറുവച്ചന്റെ തിരക്കഥയ്ക്ക് സമാനമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്ന് ചൂണ്ടിക്കാട്ടി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് ഹൈക്കോടതി സ്റ്റേ നല്‍കുകയായിരുന്നു. കടുവ എന്ന സിനിമ പ്രഖ്യാപിച്ചത് 2019ലാണ്. കോവിഡ് മൂലമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ വൈകിയത്. പിന്നാലെയാണ് സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ചത്. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നത്.