ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നടി മോളി കണ്ണമാലി ഗുരതരാവസ്ഥയിലായിരുന്നുയെന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിക്ക് വെന്റിലേറ്റര്‍ സഹായം വരെ ഘടിപ്പിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്നും പരിപൂര്‍ണമായി സുഖം പ്രാപിച്ചിരിക്കുകയാണ് മോളി കണ്ണമാലി. നടിയുടെ ചികിത്സയ്ക്കായി സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി പേര്‍ സഹായം നല്‍കിയിരുന്നു. നടന്‍ ബാലയും മോളി കണ്ണമാലിക്ക് സഹായം നല്‍കിയിരുന്നു. ഇതാ ഇപ്പോള്‍ നടി താന്‍ ആരോഗ്യവതിയായതിന് ശേഷം തനിക്ക് സഹായം നല്‍കിയ ബാലയെ നേരില്‍ കാണാന്‍ എത്തിയിരിക്കുകയാണ്.
'ദൈവത്തിന്റെ അദ്ഭുതപ്രവര്‍ത്തി കാണൂ''എന്ന അടിക്കുറിപ്പോടെ നടന്‍ ബാല തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.മകനും മരുമകള്‍ക്കുമൊപ്പമാണ് മോളി ബാലയെ കാണാന്‍ എത്തിയിരിക്കുന്നത്. ചികിത്സയുടെ ആവശ്യത്തിനായി ഒരു ചെക്കും നടന്‍ മോളി കണ്ണമാലിക്ക് കൈമാറുന്നത് വീഡിയോയില്‍ കാണാം. താന്‍ ജപ്തി ഭീഷണിയിലാണെന്നും ആറ് ലക്ഷം രൂപ അടയ്ക്കണമെന്ന സങ്കടവും നടി പങ്കുവയ്ക്കുന്നു.
ഇതൊന്നും പ്ലാന്‍ഡ് അല്ലെന്നും പ്ലാന്‍ ചെയ്ത് നടത്താന്‍ ഷൂട്ടിങ്ങൊന്നുമല്ലെന്നും പറഞ്ഞുകൊണ്ടാണ് ബാല വീഡിയോ ആരംഭിക്കുന്നത്. ഇത് അഭിനയവുമല്ല. ഇത്ചാള മേരി. അമര്‍ അക്ബര്‍ അന്തോണിയില്‍ കോമഡി ചെയ്തിരുന്നു. മരണത്തിന് അടുത്തുവരെ എത്തിയിരുന്നു. പക്ഷേ അവര്‍ തിരിച്ചുവരുമെന്നാണ് തനിക്ക് തോന്നിയത്. തിരിച്ചു വന്നു, അതുതന്നെ ഏറ്റവും വലിയ ഭാഗ്യമെന്നും ബാല പറഞ്ഞു.
മോളി കണ്ണമാലിയുടെ വാക്കുകള്‍
'മരണം ശരിക്ക് നേരിട്ട് കണ്ടിട്ട് വന്നയാളാണ് ഞാന്‍. എന്റെ മക്കള്‍ ഇപ്പോഴും എന്റെ ചികിത്സയ്ക്കായി കഷ്ടപ്പെടുകയാണ്. മക്കള്‍ മത്സ്യത്തൊഴിലാളികളാണ്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോള്‍ പട്ടയം കൊണ്ട് പണയംവച്ച് നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു. കൊറോണയൊക്കെ വന്നപ്പോള്‍ വര്‍ക്ക് കുറവായിരുന്നു. ഇപ്പോള്‍ എനിക്ക് ജപ്തി വന്നിരിക്കുകയാണ്.
പതിമൂന്നാം തീയതി ആറ് ലക്ഷം രൂപ കൊടുക്കണം. എനിക്കൊരു നിവൃത്തിയുമില്ല. അത് പറയാനാണ് ബാല സാറിന്റെയടുത്ത് വന്നത്. ഞാന്‍ കിടപ്പിലായിരുന്ന സമയത്ത് മകന്‍ ഓടിവന്നു, അപ്പോക്ഷ ബാല സാര്‍ സഹായിച്ചു. ഞാന്‍ ആശുപത്രിയില്‍ നിന്നിറങ്ങിയിട്ട് ആദ്യം കാണാന്‍ വന്നത് ബാല സാറിനെയാണ്. എന്റെ ഈ സങ്കടം കൂടി അറിയിക്കാനാണ് വന്നത്.