മലയാളികളുടെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ യുവ താരമായ അഖില്‍ അക്കിനേനിയും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ഏജന്റ്'.സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ജനുവരി 15-നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രം സംക്രാന്തിയ്ക്ക് ശേഷം മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
വിചാരിച്ചിരുന്നതിലും അധികമായി ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. ഇതിനെ തൂടര്‍ന്നാണ് റിലീസ് മാറ്റി വയ്ക്കേണ്ടി വന്നത്.സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വൈകുന്നത് മൂലമാണ് റിലീസ് നീട്ടുന്നത്. 'ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചു, കുറച്ച് മാസത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എല്ലാ സാധ്യതകളിലും, സംക്രാന്തിക്ക് ശേഷം മാത്രമേ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയൂ, അതിനാല്‍ അവര്‍ അതിന്റെ റിലീസ് അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നു', അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സുരേന്ദര്‍ റെഡ്ഡിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യണമെന്നായിരുന്നു തീരുമാനം. പാന്‍ ഇന്ത്യന്‍ റിലീസായാകും ഏജന്റ് എത്തുക എന്ന തരത്തിലുളള വാര്‍ത്തകളാണ് ചിത്രത്തെ സംബന്ധിച്ച് എത്തിയിരുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ സംക്രാന്തി റിലീസായാണ് ചിത്രം എത്തുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത് എന്നാല്‍ പിന്നീട് ഈ തിയതി മാറ്റുകയായിരുന്നു.
യാത്ര എന്ന മമ്മൂട്ടിയുടെ വിജയ ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും അഭിനയിക്കുന്ന ഒരു തെലുങ്ക് ചിത്രമാണ് ഏജന്റ്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. അതോടൊപ്പം തന്നെ ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുമെന്ന തരത്തിലുളള അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഏജന്റില്‍ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ മീശ പിരിച്ച് തോക്കുമായി നില്‍ക്കുന്ന മാസ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പുതുമുഖ താരമായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ അഖിലിന്റെ നായികയായി എത്തുന്നത്. എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കര നിര്‍മ്മിക്കുന്ന ചിത്രമാണിത്. വക്കന്തം വംശിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ യുവ തരംഗം ഹിപ് ഹോപ് ആണ് തമിഴ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.